“…നിങ്ങളെ ഞാൻ എവിടെയെല്ലാം നോക്കിയെന്നോ…” വന്ന പാടെ അവൾ ചോദിച്ചു.
“…എന്താടി കാര്യം…”
“… എടാ ഞാൻ ഒരുപാട് ചിന്തിച്ചു അർജുനോട് യെസ് പറഞ്ഞാലോ എന്ന് ആലോചിക്ക. നിങ്ങൾക്ക് എന്ത് തോന്നുന്നു…”
“…നിനക്ക് അങ്ങനെ തോന്നുവാണെകിൽ അങ്ങനെ ചെയ്യ്…” ആദി അവന്റെ അഭിപ്രായം പറഞ്ഞു.
“…നിനക്കോട കാർത്തി എന്തെങ്കിലും കുഴപ്പം ഉണ്ടോ…” അവൾ എന്റെ അടുത്ത് വന്ന് ചോദിച്ചു.
“… എനിക്ക് എന്ത് കുഴപ്പം. നീ യെസ് പറഞ്ഞോ…”
“… അപ്പൊ ഞാൻ യെസ് പറഞ്ഞാൽ നിനക്ക് ഒരു കുഴപ്പവും ഇല്ല അല്ലെ…” ഞാൻ ഇല്ലന്ന് തലയാട്ടി.
“… ഇല്ലേ… നിനക്ക് കുഴപ്പം ഇല്ലേ…” പാർവതി ദേവിയിൽ നിന്നും ഭദ്രകാളിയിലേക്കുള്ള മാറ്റമാണ് ഞാൻ അവിടെ കണ്ടത്. എന്റെ കുത്തിന് പിടിച്ചു അവൾ ചോദിച്ചു.
“…ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നിയ അത് തുറന്നു പറയാനുള്ള ദൈര്യം കാണിക്കണം അല്ലാതെ കള്ളും കുടിച്ചു മോങ്ങയല്ല വേണ്ടത്…”
ഇതൊക്കെ ഇവൾ എങ്ങനെ അറിഞ്ഞു പാളി ആദിയെ നോക്കിയപ്പോ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ ആകാശത്ത് നോക്കി നിൽക്കാ തെണ്ടി.
“… ഇങ്ങോട്ട് നോക്കടാ. നീ ആരാ എനിക്ക് ആര് ചേരും ചേരില്ല എന്ന് തീരുമാനിക്കാൻ…” ആദിയെ നോക്കിയ എന്നെ അവൾക്ക് നേരെ തിരിച്ചു അവൾ കത്തികേറി.
“… അത്… അത്… ഞാൻ…” വാക്കുകൾ കിട്ടാതെ ഞാൻ വലഞ്ഞു.
“… നീ ഇന്ന് പറയും നാളെ പറയും എന്ന് കാത്ത് കാത്ത് ഇരുന്നപ്പോ അവന്റെ… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…” ദിയ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി. ഇവൾ എന്താ പറയുന്നത് എന്ന് മനസ്സിലാവാതെ ഒരു പൊട്ടനെപോലെ ഞാൻ നിന്നു.