“… നീ തന്നയല്ലേ പറഞ്ഞെ പഴയതിനെ കുറിച്ച് ഒന്നും ഓർക്കരുത് ഇത് നമ്മുടെ പുതിയ ജീവിതം ആണെന്ന്. എന്നിട്ട് നീ തന്നെ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ…” അവളെ കെട്ടിപിടിച്ചിരുന്ന എന്റെ തലയിൽ തലോടികൊണ്ട് ചാരു പറഞ്ഞു.
“…നിന്റെ കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി കണ്ണുനീരും നിന്നെക്കാൾ വേദനിപ്പിക്കുന്നത് എന്നെയ…” രണ്ട് കൈകൾ കൊണ്ടും എന്റെ മുഖം ഉയർത്തി തള്ളവിരലുകളാൽ എന്റെ എന്റെ കണ്ണീർ തുടച്ചു.
“…മരുന്ന് കഴിച്ചത് അല്ലെ ക്ഷീണം കാണും. വേണ്ടാത്തത് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കാതെ കിടന്നോ. പാത്രം ഒക്കെ കഴുകി വച്ച് ഞാൻ വേഗം വരാം കേട്ടോ…” എന്റെ നെറുകയിൽ ഒരു മുത്തവും തന്ന് പ്ലാസ്റ്റർ ഇട്ട കാൽ ബെഡിൽ എടുത്ത് വച്ച് എന്നെ കിടത്തിയ ശേഷം പാത്രവുമായി ചാരു താഴേക്ക് പോയി.
“… എന്താ മോളെ മുഖം വല്ലാണ്ടിരിക്കുന്നെ.ആദി വഴക്ക് വല്ലതും പറഞ്ഞോ…” പാത്രവുമായി താഴെയെത്തിയ എന്നോട് അമ്മ ചോദിച്ചു.
“…ഏയ്യ് അങ്ങനെ ഒന്നും ഇല്ല അമ്മ…”
“… എന്നാ കൊള്ളാം. നീ വാ ചോർ കഴിക്കാം…”
അമ്മ എനിക്കും ചോർ എടുത്തു. അച്ഛനും അമ്മയും അമ്മുവിനൊപ്പവും ഇരുന്ന് ചോർ കഴിച്ചു. എത്രയും പെട്ടെന്ന് കഴിച്ചു കഴിഞ്ഞ് ആദിക്ക് അരികിലേക്ക് എത്താൻ എന്റെ ഉള്ളു കൊതിച്ചു. സാധാരണ കഴിക്കുന്നതിലും നേരത്തെ ഞാൻ കഴിച്ചു കഴിഞ്ഞു. അപ്പോഴും ബാക്കിയുള്ളവർ കഴിച്ചു കഴിഞ്ഞില്ല.
“… അമ്മേ പായ വല്ലതും ഉണ്ടോ…”
“… പായ എന്തിനാ മോളെ…” മനസ്സിലാവാതെ അമ്മ ചോദിച്ചു.
“… ആദിക്ക് കാൽ വയ്യാതിരിക്കയല്ലേ ഒപ്പം കിടന്ന് അറിയാതെ എന്റെ കാലോ മറ്റോ തട്ടി വല്ലതും സംഭവിച്ചാലോ…” ഞാൻ എന്റെ ഭയം തുറന്ന് കാട്ടി.