“… ആ… അതെ…”എനിക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല.
“… ആദി എനിക്ക് ഒരിടം പോണം. നമുക്ക് വിട്ടാലോ…”
“… നീ അല്ലെ എങ്ങും പോവാൻ ഇല്ല വീട്ടിൽ പോയ ബോർ ആണെന്ന് പറഞ്ഞ് എന്നെ പിടിച്ചു ഇവിടെ ഇരുത്തിയത്…”
“… അത്.. അത് ഞാൻ ഇപ്പോഴാ ഓർത്തത് അച്ഛന് എവിടെ പോണം എന്ന് പറഞ്ഞായിരുന്നു ഞാൻ കൂടെ ചെല്ലാം എന്ന് ഏറ്റിരുന്നു നമുക്ക് ഇറങ്ങാം…”
വീട്ടിലേക്കുള്ള യാത്രയിൽ ആദിയുടെ ബൈക്കിന് പിന്നിൽ ഇരിക്കുമ്പോഴും മനസ്സിൽ ഓരോ ചിന്തകൾ കൂടികൊണ്ടിരുന്നു.
“… അവർ തമ്മിൽ നല്ല ചേർച്ച ആയിരിക്കും അല്ലേടാ…”ബൈക്ക് ഓടിക്കവേ ആദി തിരക്കി.
“… ഏ എന്താടാ…” ഞാൻ ചിന്തയിൽ നിന്നും ഉണർന്ന് ആദിയോട് ചോദിച്ചു.
“… അല്ല ദിയയും അർജുനും നല്ല ചേർച്ച ആയിരിക്കുമെന്ന്. അവൾ നന്നായി പാടും അവൻ ആണെങ്കിൽ ഗിത്താറിസ്റ്റും. അവരുടെ കുടുംബങ്ങളും നല്ലപോലെ ഒത്തുപോകും…”
“… ഹ്മ്മ്…” ആദി പറഞ്ഞതൊക്കെ ആലോചിച്ചപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
എന്നെ വീട്ടിലാക്കി അവൻ പോയി. വീട്ടിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. ആകെ ഒരു പരവേശവും ആവലാതിയും. ഉടനെ ഫോൺ എടുത്ത് ആദിയെ വിളിച്ചുവരുത്തി ബാറിലേക്ക് പോയി.
“… എന്തിനാടാ എന്നെയും വിളിച്ചോണ്ട് ഇങ്ങോട്ട് വന്നേ. നമ്മൾ ഇത് വേണ്ടന്ന് വെച്ചതല്ലേ…” രണ്ട് പെഗ് ഓർഡർ ചെയ്ത എന്നോട് ആദി ചോദിച്ചു.
“… പറ്റുന്നില്ലട. നിന്നോട് എങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തുപോകും…” കൊണ്ട് വച്ച പെഗ് വെള്ളം തൊടാതെ അകത്താക്കി ഉള്ളിലെ വിഷമം കണ്ണീരായി പുറത്തേക്ക് വന്നു.