കഴിഞ്ഞ ദിവസം രവി രക്ഷപ്പെടുത്തിയ ആൾ ബെഡ്ഡിൽ ചാരിക്കിടക്കുന്നു. അത്ര നിറം ഇല്ലാത്ത, ഒരു സുന്ദരിപ്പെണ്ണ്, “രോഗിക്ക്” വായിൽ ഭക്ഷണം കൊടുക്കുന്നു. കണ്ടിട്ട് ചേച്ചിയോ അമ്മയോ എന്ന് രവിക്ക് തോന്നി.
രവി അയാളുടെ അടുത്തേക്ക് നടന്നടുത്തു.
“വണക്കം… ഞാനായിരുന്നു സാറിനെ ഇന്നലെ ഇങ്ങോട്ട് എത്തിച്ചത് …” രവി പറഞ്ഞൊപ്പിച്ചു.
“ഏടത്തിയമ്മെ… ദേ… എന്നെ രക്ഷിച്ച ദൈവദൂതൻ…” അതും പറഞ്ഞ്, അയാൾ രവിക്ക് കൈകൊടുത്തു. രവി കൈകുലുക്കി.
“നിങ്ങൾ കൃത്യസമയത്ത് എത്തിയില്ലായിരുന്നുവെങ്കിൽ….” ആ സ്ത്രീയുടെ കണ്ഠം ഇടറി.
“ഞാൻ ഇവിടുത്തെ എസ്സ് ഐ… നിങ്ങളോട് എങ്ങിനെ നന്ദി പറയണം എന്ന് എനിക്കറിയില്ല… പിന്നെ, ചില പേപ്പറുകളിൽ ഒപ്പിടാനുണ്ട്… അത് ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗമാണ്…” അദ്ദേഹം ചിറി തുടച്ചു. എസ്സ് ഐ എന്ന് കേട്ടതും, രവിയുടെ മുട്ട് അടിക്കാൻ തുടങ്ങി. ഒരു ഉൾഭയം അടിവയറ്റിൽനിന്നും ആരംഭിച്ച്, മുകളിലേക്ക് കയറി. കള്ളനും പോലീസ്സും മുഖാമുഖം!!
“എന്താ നിങ്ങളുടെ പേര് ..”
“രവി…” ഭയം പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു.
“രവി ഇന്നലെ രാത്രി വരുന്ന വഴിക്ക് ഒരു ജീപ്പ് കടന്ന് പോകുന്നത് ശ്രദ്ധയിൽ പെട്ടുവോ..??” തനി പോലീസ്സ് മുറയിൽ ചോദ്യം. അപ്പോഴാണ് രവി അത് ഓർത്തത്. ഇന്നലെ “പണികൊടുത്ത്” ആ സ്ത്രീയുടെ വീട്ടിൽനിന്നും ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്‌ത നേരം ഒരു ജീപ്പ് കടന്നുപോയിരുന്നു. അതിൻ്റെ മുൻവശത്ത്, ചില്ലിൽ, വലിയൊരു ശരം വരച്ചുവച്ചതും, വണ്ടി ഓടിക്കുന്നവൻ യാറ് ക്കാഹേ… ഇത് യാറ് ക്കാഹേ… എന്ന് പാടിപോകുന്നതും ഓർമ്മയിൽ വന്നു. അതെല്ലാം എസ്സ് ഐയോട് സവിസ്തരം പറഞ്ഞു. അദ്ദേഹം എല്ലാം മൂളിക്കേട്ടു.