ഉറക്കത്തിൽനിന്നും ഉണർന്ന് രവി സമയം നോക്കി. മണി പന്ത്രണ്ട്. ആഗ്രഹിച്ച സമായത്തേക്കാൾ കൂടിയ സമയം ഉറങ്ങി. ഇനി, “പ്രഭാത” കർമ്മങ്ങൾ, പിന്നെയൊരു കുളി. രണ്ടും പെട്ടെന്ന് അവസാനിപ്പിച്ച്, റെഡിയായി പൊന്നമ്മയെ കാണാൻ പുറപ്പെട്ടു. കൊടുക്കാനുള്ള പൈസ കൈയ്യിൽ വെക്കാൻ രവി മറന്നില്ല.
ഹോട്ടലിൽനിന്നും കുശാലായി ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങിയ രവിക്ക്, തലേ രാത്രിയിൽ താൻ ആശുപത്രിയിൽ ആക്കിയ ആളുടെ ഓർമ്മ വന്നു. വണ്ടി നേരെ ആശുപത്രിയിലേക്ക് വിട്ടു. സുരക്ഷിതമായ ഇടത്ത് വണ്ടി വച്ച്, അകത്ത് കയറിയതും, യൂണിഫോമിൽ ഒന്നുരണ്ട് പോലീസ്സുകാർ സൊറ പറഞ്ഞ് നിൽക്കുന്നു.
“സാറിൻ്റെ ഭാഗ്യം… ആ വിജനമായ ഇടത്ത് ഒരു ചെറുപ്പക്കാരന് വരാൻ പറ്റിയതും, അയാൾക്ക് സാറിനെ ആശുപത്രിയിൽ ആക്കാൻ മനസ്സ് വന്നതും…” പുക നീട്ടി വിട്ട്, ഒരു പോലീസുകാരൻ പറഞ്ഞു.
“അതേ… എന്നാലും, അയാൾ ആരായിരിക്കും.. ആ ദൈവദൂതൻ!!!” മറ്റേ ആളുടെ ആത്മഗതം.
“ഇന്നലെ അപകടത്തിൽപ്പെട്ട ആളേക്കുറിച്ചാണോ നിങ്ങൾ പറയുന്നത്” രവി അവരുടെ അടുത്ത് ചെന്ന് ചോദിച്ചു.
“അതേ ..” എന്നിട്ട് നീ ആരെടാ എന്നൊരു നോട്ടവും.
“അയാള് എവിടെയാ ..” രവി ചോദിച്ചു.
“എന്താ കാര്യം ..” മറ്റെയാൾ കണ്ണുരുട്ടി.
“അല്ല .. അപകടം പറ്റി, വഴിയിൽ കിടന്ന അയാളെ ഞാനാണ് ഇന്നലെ രാത്രി ഇവിടെ കൊണ്ടുവന്നത് ..” രവി ചുറ്റും നോക്കി.
“അയ്യോ… താങ്കൾ ആയിരുന്നോ അത്… രക്ഷപ്പെടുത്തിയ ആൾ വരും. വരും.. എന്നെ വന്ന്കാണും എന്ന് സാറ് പറഞ്ഞിരുന്നു .. വന്നാട്ടെ…” പുക വലിച്ചവൻ ബീഡി നിലത്തിട്ട് ചവിട്ടി രവിയെ ഒരു മുറിയിലേക്ക് ബഹുമാന പുരസ്സരം കൊണ്ടുചെന്നു. മറ്റേ പോലീസുകാരൻ അവരെ പിന്തുടർന്നു.