സുന്ദരൻ സാറിനെ കണ്ടപ്പോൾ ആ സ്ത്രീ ചോദിച്ചു.
“ഏട്ടനോ..! ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ..? ഏട്ടൻ എപ്പോഴാ വന്നത്. ?”
“ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ. സേനൻ എവിടെ.? ഇങ്ങോട്ട് വരുന്നില്ലേ..?” സുന്ദരൻ സാർ ചോദിച്ചു.
അവിടെ നടക്കുന്നതൊന്നും ശ്യാമയ്ക്ക് മനസ്സിലായില്ല. എന്തൊക്കെയാണ് തന്റെ ചുറ്റും നടക്കുന്നത്. ഇവരൊക്കെ എന്തിനാ ഇവിടെ വരുന്നത്
“ഏട്ടന് അറിയാലോ അദ്ദേഹത്തിന് പതുക്കെയേ വരാൻ പറ്റുള്ളൂ എന്ന്. വഴിയിൽ കാണുന്നവരോടൊക്കെ സംസാരിച്ചിട്ട് പതുക്കെ വരുന്നുണ്ട്.. ”
അവർ മറുപടി പറഞ്ഞു. അതിന് ശേഷം അവർ ശ്യാമയോട് ചോദിച്ചു.
“അമ്മയ്ക്ക് എങ്ങനെ ഉണ്ട് മോളെ..? അമ്മ വല്ലതും കഴിച്ചായിരുന്നോ..? ”
ശ്യാമയുടെ മുഖഭാവം കണ്ട് സുചിത്ര പറഞ്ഞു.
“എന്റെ അമ്മേ നമ്മുടെ ശ്യാമ നിൽക്കുന്നത് കണ്ടില്ലേ. പന്തം കണ്ട പെരുച്ചാഴിയെ പോലെ.. ശ്യാമയ്ക്ക് നിങ്ങൾ ഒക്കെ ആരെന്നോ എന്തിന് ഇവിടെ വന്നെന്നോ ഒന്നും മനസ്സിലാകുന്നില്ല.. അല്ലേ ശ്യാമേ.? ”
ശ്യാമയോട് അങ്ങനെ പറഞ്ഞ ശേഷം ശ്യാമയോട് കുശലം ചോദിച്ച സ്ത്രീയെ കെട്ടിപിടിച്ചു കൊണ്ട് സുചിത്ര തുടർന്നു പറഞ്ഞു.
“ഇത് സുധാമണി ചന്ദ്രസേനൻ ഈ പാവം സൂചിത്രയുടെ അമ്മ. ”
ശ്യാമ വീണ്ടും ഞെട്ടി. പിന്നെ സുധാമണിയെ നോക്കി തൊഴുതു.
സുധ അവളെ ചേർത്ത് പിടിച്ചു.
പിന്നെ സുചിത്ര സുധയുടെ കൂടെ വന്ന മറ്റേ സ്ത്രീയെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.