“ഇവിടുത്തെ കാര്യം ഓർത്ത് അപ്പു ഏട്ടൻ പേടിക്കേണ്ട. ഇവരുടെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളും. അപ്പു ഏട്ടൻ ഇനി നമ്മുടെ കല്യാണത്തിന്റെ അന്ന് വന്നാലും മതി. ”
അത് കേട്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. പക്ഷെ അവൾ അത് പുറത്ത് കാണിച്ചില്ല. സുധി ശ്യാമയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു.
സുചിത്ര ശ്യാമയെ അവിടെ ഉള്ള ഒരു കാന്റീനിലേക്ക് കൊണ്ട് പോയി.
“എന്നിട്ട് പറഞ്ഞു എനിക്ക് വല്ലാത്ത വിശപ്പ് . അപ്പു ഏട്ടൻ വിളിച്ച ഉടനെ വേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു ഏൽപ്പിച്ച ശേഷം വേഗത്തിൽ റെഡിയായി ഞാൻ ഇങ്ങോട്ട് പുറപ്പെട്ടതാ അതുകൊണ്ട് ഒന്നും കഴിക്കാൻ നിന്നില്ല. വാ നമുക്ക് എന്തെങ്കിലും കഴിക്കാം. ”
എന്നാൽ ശ്യാമയ്ക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. അമ്മ, അപ്പു ഏട്ടൻ, കല്ല്യാണം, പിന്നെ ഇന്നലെ നടന്നതും, എല്ലാം ശ്യാമയുടെ മനസ്സിൽ ഒന്നിന് പിറകെ ഒന്നെന്ന പോലെ ചിന്തയുടെ തിരമാലകൾ സൃഷ്ടിച്ചു.
എങ്കിലും എന്തെങ്കിലും കഴിച്ചെന്നു വരുത്തി ശ്യാമ അവിടെ നിന്നും എഴുന്നേറ്റു ഐ സി യു വിന്റെ മുന്നിൽ തന്നെ പോയിരുന്നു. ഇപ്പോഴും ആ സ്ത്രീ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അവർ ശ്യാമയ്ക്ക് കൂട്ടെന്നപോലെ ശ്യാമയുടെ അടുത്ത് തന്നെ ഇരുന്നു.
വൈകുന്നേരം ആയിരുന്നു ശ്യാമയുടെ അമ്മയെ റൂമിലേക്ക് മാറ്റുമ്പോൾ. അതുവരെ ശ്യാമ ഐ സി യു വിന്റെ മുന്നിൽ തന്നെ ഇരുന്നു.
അമ്മയെ റൂമിലേക്ക് മാറ്റിയശേഷം ശ്യാമ സുധിയെ ഫോൺ ചെയ്തു. എന്നാൽ കാൾ പോകുന്നുണ്ടായിരുന്നില്ല. ശ്യാമയ്ക്ക് ഭയം തോന്നി. രാത്രി വരെ സുചിത്ര ശ്യാമയ്ക്ക് കൂട്ടിരുന്നു. അതിനുശേഷം രണ്ട് സിസ്റ്റർമാരെ പ്രത്യേകം നിയമിച്ച ശേഷമാണ് സുചിത്ര വീട്ടിലേക്ക് പോയത്.. എന്നാൽ അന്ന് ശ്യാമയ്ക്ക് ഉറങ്ങാനായി കഴിഞ്ഞില്ല.