അതും പറഞ്ഞ് സുചിത്ര ഐസിയുവിലേക്ക് കയറിപ്പോയി. ശ്യാമ അപ്പോഴും തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ 50 വയസ്സിന് മുകളിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ശ്യാമയുടെ അടുത്ത് വന്ന് ഇരുന്നു. എന്നിട്ട് ശ്യാമയോട് ചോദിച്ചു.
” മോൾ എന്തിനാ ഇവിടെയിരുന്ന് ഇങ്ങനെ കരയുന്നത്..? ”
“അമ്മ എന്റെ അമ്മ” ശ്യാമയ്ക്ക് മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
അവർ ശ്യാമയെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. എന്നിട്ട് പറഞ്ഞു.
” മോളുടെ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. മോള് പേടിക്കേണ്ട കേട്ടോ . എല്ലാം ഡോക്ടർമാർ നോക്കിക്കൊള്ളും . ”
ആ സ്ത്രീയുടെ നെഞ്ചിൽ ചാഞ്ഞു കിടന്നപ്പോൾ ശ്യാമയ്ക്ക് എന്തോ വല്ലാത്തൊരു ആശ്വാസം തോന്നി. തന്റെ വേണ്ടപ്പെട്ട ആരോ അടുത്തുള്ളത് പോലെ. തന്റെ അമ്മയെ പോലെ ആരോ ഒരാൾ അടുത്തുള്ളത് പോലെ.
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് സുചിത്ര പുറത്തേക്ക് വന്നു. സുചിത്രയെ കണ്ടപ്പോൾ ശ്യാമ വേഗം എഴുന്നേറ്റു ചോദിച്ചു.
“എന്റെ അമ്മക്ക് എങ്ങനെയുണ്ട് ചേച്ചി..? .
” പേടിക്കാൻ ഒന്നുമില്ല. ആ സമയം തന്നെ അപ്പു ഏട്ടൻ സിപിആർ കൊടുത്തതുകൊണ്ട് അമ്മയ്ക്ക് ഒന്നും പറ്റാതെ ഇവിടെയെത്തി . ഇനി പേടിക്കാൻ ഒന്നുമില്ല. എങ്കിലും ഒന്ന് രണ്ട് മണിക്കൂർ കൂടെ അമ്മ ഐസിയുവിൽ തന്നെ കിടക്കട്ടെ. ശ്യാമയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയെ കയറി കാണാം. അതുകഴിഞ്ഞ് നമുക്ക് അമ്മയും റൂമിലേക്ക് മാറ്റാം. “