രേണുവിൻ്റെ കണ്ണുകൾ വിടർന്നു. പതുക്കെ നടന്ന് രേണു എൻ്റെ അടുത്ത് വന്ന് ഇരുന്നു.
“അങ്ങനെത്തെ ഇഷ്ടം അല്ല രേണൂ. അഡ്മിറേഷൻ. ആയിഷ തസ്നീം. എന്താല്ലേ പേര്. അവളിപ്പം രാജകുമാരിയല്ല. രാജ്ഞിയാണ്. സ്വയം രാജ്ഞിയാവണെങ്കില് ഭർത്താവ് ആദ്യം രാജാവാകണന്നുള്ള ബോധണ്ടേന്നു പെണ്ണിന്. വെറുതെ ടിപ്പറോടിച്ച് നടന്ന അജ്മല് ഇപ്പോ കാണുന്ന നിലേലെത്തീത് അവളൊരുത്തി ഉള്ളതോണ്ടാ. അങ്ങനെത്തെ ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം. ഓരോരുത്തരുടെ ഭാഗ്യം. അല്ലാതെന്താ”
“നീ താലി കെട്ടുന്ന പെണ്ണാവാനും വേണം ഭാഗ്യം”
“അതെന്താ രേണൂ”?
“നിൻ്റെ മിന്നു പറഞ്ഞതാ. ഈ മുത്തിൻ്റെ മഹറണിയാൻ ഭാഗ്യള്ളവളാണ് അവള് എന്നാ പറഞ്ഞത്. ഈ മുത്തിൻ്റെ ശരിക്കുള്ള കാര്യൊക്കെ എനിക്കല്ലേ അറിയൂ”
“രേണൂ… എനിക്കിട്ടിങ്ങനെ താങ്ങാൻ തുടങ്ങീട്ടിപ്പോ കുറച്ചായീട്ടോ. സാരല്ല. അവസരം കിട്ടും. അപ്പോ ഒന്നിച്ച് തരണ്ട്. അല്ല…. അതെന്തെങ്കിലും ഒക്കെ ആവട്ടെ. രേണുവിനോട് എപ്പോ പറഞ്ഞു”?
“നോക്കിയിരുന്നോ നീ… ഉച്ചക്ക്. ലഞ്ച് ബ്രേക്കിന്. അവളെന്നെ ഇപ്പോ ഇടക്കൊക്കെ വിളിക്കും. നീ അങ്ങനെ ഫോണധികം ഉപയോഗിക്കാത്ത ആളല്ലേ? അപ്പോ നിൻ്റെ കാര്യം അറിയാനും കൂടെയാ. ആവശ്യല്ലാതെ മോതിരം ഇടാൻ പോയിട്ടല്ലേ”
“ഞാനതങ്ങനെ വിചാരിച്ചിട്ടല്ല…”
“….അവളങ്ങനെ വിചാരിച്ചു. നിൻ്റെ ഭാര്യയാന്ന മട്ടിലാ ഇപ്പോ അവളുടെ പെരുമാറ്റം…. പാവം ഭർത്താവ്. അതേ… അവളെ ഓർത്ത് മഞ്ഞ് കൊണ്ടിരുന്ന് പനി പിടിപ്പിക്കണ്ട. നിൻ്റെ മിന്നു തീയേറ്ററിലാവും. രോഹിണിയെ കാണാൻ പോണ്ടതാ”