രേണു ബാൽക്കണിയിലേക്ക് കയറി വന്നു. സമ്മർ പ്രോഗ്രാം കഴിഞ്ഞിട്ടുണ്ടാവും. ഇനി സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കണം. അത് വരെയുള്ള ദിവസങ്ങൾ ആഘോഷമാക്കണം. ഞാൻ തീരുമാനിച്ചു. രേണു ഞാൻ വരച്ചു കൊണ്ടിരുന്ന ചിത്രം എടുത്തു നോക്കി.
“അതങ്ങനെ ഒന്നൂല്ല രേണൂ. സിമ്പിൾ ഐറ്റം. ഇറ്റ്സ് എ മോത്ത്. നിശാശലഭം. രാത്രിയിലെ ജോലി കഴിഞ്ഞ് പ്രഭാതത്തിലെ മൂടൽ മഞ്ഞിലൂടെ മടങ്ങുന്നതാ. മൊറാലിറ്റി ഓഫ് ഈസ്‌തെറ്റിക്സ്. ഇതിപ്പോ ചന്തമേറിയ പൂവിലും ശബളഭമാം ശലഭത്തിലും എന്നൊക്കെയാണേൽ ആൾക്കാർക്ക് പറ്റിയേനെ. നിശാശലഭങ്ങളും രാത്രിയിൽ പൂക്കുന്ന നിറമില്ലാത്ത പൂക്കളും ഒന്നും അങ്ങനെ ആർക്കും ഇഷ്ടമുണ്ടാവാൻ സാധ്യതയില്ല. ബട്ട് ഐ ലൗവ് ദെം.”
മുല്ലവള്ളിയിൽ കുളിർ കാറ്റ് വീശി. അഖിലവും നിഖിലമായി മാറിയ നിത്യമായ പൂർണതയിൽ പ്രാണൻ കലകളിൽ നിന്നും വേർപെട്ട് മൂർദ്ധാവിലെത്തി. ആഴത്തിലെടുത്ത ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സൗരഭ്യം പ്രാണനിൽ ലയിച്ച് കലകളിലേക്ക് തന്നെ പ്രവഹിച്ചു. ചുറ്റിലും വ്യാപിച്ച മത്തു പിടിപ്പിക്കുന്ന പരിമളം ഹൃദയത്തിൽ നിറയുന്നു. അത് ഓർമ്മകളെ സുഗന്ധപൂരിതമാക്കുന്നു.
“രേണൂ… ഞാനിന്ന് കാർത്തികയെ കണ്ടു”
“അവളെ കാണാനായി നീ മീനങ്ങാടീല് പോയോ? കണ്ണാ…. നിൻ്റെ മിന്നുവിൻ്റെ ഉപ്പയല്ലാട്ടോ ആ ഹെഡ്മാഷ്”
“അങ്ങോട്ടായിട്ട് പോയതല്ല. അജ്മലിൻ്റെ പുതിയ വീട് കാണാൻ പോയതാ. അവളെ വീടിൻ്റെ മുന്നിലെ ഒഴിഞ്ഞ ഒരു പ്ലോട്ടുണ്ടേന്നു… ഒരു അമേരിക്കക്കാരൻ്റെ.. അത് അജ്മല് വാങ്ങി. വല്യ ഒരു രണ്ട് നില വീടും വെച്ചു. അവൻ വിളിച്ചപ്പോ ഞാനവിടെ പോയി. പോയപ്പോ കാർത്തികയേം കണ്ടു”