വീട്ടിലെത്തിയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. രേണുവിൻ്റെ കാർ മുറ്റത്തുണ്ടായിരുന്നു. ഞാൻ ധൃതിയിൽ ഒന്ന് കുളിച്ച് ഭക്ഷണം കഴിക്കാനിരുന്നു.
“കാറ് പോയി കൊണ്ടന്നൂല്ലേ? ഞാൻ നേരത്തേ വരണന്ന് വിചാരിച്ചതാ… പിന്നെ… പറ്റിയില്ല”
ഞാൻ വർഗ്ഗീസ് ചേട്ടൻ്റെയും അന്നാമ്മ ചേടത്തിയുടെയും അവസ്ഥ രേണുവിന് വിവരിച്ച് കൊടുത്തു. എലിസബത്തിൻ്റെ കാര്യം രേണുവും പറഞ്ഞു.
രേണുവിൻ്റെ മുറിയോട് ചേർന്നുള്ള ബാൽക്കണിക്ക് മുൻപിൽ ഒരു മുല്ല പന്തലുണ്ട്. രാത്രിയേറെ വൈകിയിട്ടും യാത്രാക്ഷീണം കൊണ്ട് തളർന്നവശനായിട്ടും ബാൽക്കണിയിൽ ജുമൈലത്തിൻ്റെ ഫോൺ കോളിനായി ഞാൻ കാത്തുനിന്നു. മുല്ല ബാൽക്കണിയുടെ കൈവരിയിലൂടെ പടർന്നു കയറിയിരിക്കുന്നു. കുറ്റിമുല്ല മതിയായിരുന്നു. മുല്ല പൂത്താൽ മൂർഖൻ പാമ്പിനെ കരുതണം എന്നാണ്. രേണുവിൻ്റെ മുറി അടുത്താണ്. ബാൽക്കണി മുഴുവൻ വിശദമായി പരിശോധിച്ചു. ഒന്നും ഇല്ല. എന്നിട്ടും എന്തെന്നറിയാത്ത ഒരാശങ്ക പതുക്കെ മനസ്സിനുള്ളിൽ അരിച്ചു കയറുന്നു.
പാദസരത്തിൻ്റെ കിലുക്കം ചെവിയിൽ മുഴങ്ങി. കാർത്തിക. ദിവസം മുഴുവൻ ഞാനൊന്നോർത്തെടുത്തു. തഴുകി കടന്നു പോയ ഇളം തെന്നലിനൊപ്പം നേർത്ത ചിലമ്പൊലിയുടെ മർമ്മരങ്ങൾ ഉൾക്കാതിൽ അലയടിക്കുന്നു. വനത്തിനുള്ളിലെ കാട്ടുവാസികളുടെ അമ്പലവും നിത്യ കന്യകയായ ദേവിയും മനസ്സിൽ തെളിഞ്ഞു. ഐ പാഡെടുത്തു. എന്താണെന്നറിയില്ല… പേപ്പറിൽ വരക്കാൻ തോന്നുന്നു. ഐ പാഡ് ഞാൻ മാറ്റി വെച്ചു.
“കണ്ണാ… നാളെ രോഹിണീടെ അവിടെ ഒന്ന് പോണം”