മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Posted by

 

ശബ്ദം ഇടറുന്നു. സ്വരം വല്ലാതെ ആർദ്രമാവുന്നു.

 

“ദെൻ… ഐ വിൽ ബി ഹിയർ ഫോർ യുവർ ഇവഞ്ച്വൽ ഹോം കമിങ്”

 

അതാണവൾ. ഒരിക്കലും മാറാത്തവൾ.

 

കാർത്തിക ഇറങ്ങി. പാദസരത്തിലെ മുത്തുകൾ കിലുങ്ങി.

 

“ഞാനതറിയാഞ്ഞോണ്ടല്ലേ? അതേ… ആ പാദസരത്തിൻ്റെ കാര്യം. അമ്മ ചോദിക്കുമ്പോ എന്താ പറയാ”?

 

“ഞാനെന്തേലും പറഞ്ഞോളാം”

 

മുന്നിലെ ചെറിയ കുന്നിൻ്റെ ചെരിവിലെ വെട്ടുവഴിയിലൂടെ അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. കുന്നിൻ ചെരുവിലെ ചക്രവാളത്തിനപ്പുറം ഏറെ പ്രിയപ്പെട്ട ആ രൂപം ദൃഷ്ടിപഥത്തിൽ നിന്നും മറഞ്ഞപ്പോൾ എൻ്റെ സന്തത സഹചാരി വീണ്ടും ചലിച്ചു തുടങ്ങി. സമയം വല്ലാതെ വൈകിയിരിക്കുന്നു. വണ്ടിയുടെ വേഗത കൂടി. ഈ പിക്കപ്പ് ട്രക്ക് ഒരിക്കലും ഹാൻഡിലിങ്ങിന് പേരെടുത്തതല്ല. എന്നിട്ടും വളഞ്ഞ് പുളഞ്ഞ് പോകുന്ന മലമ്പാതകളിലൂടെ അനായാസമായി മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നപ്പോൾ എൻ്റെ ഹൃദയത്തിനുള്ളിൽ നിറഞ്ഞു നിന്നത് രേണുവായിരുന്നു.

വലിയ ഒരു ഗേറ്റിന് മുൻപിൽ ഞാൻ വണ്ടി നിർത്തി. മതിലിൽ ഒരാൾ ഗോൾഡൻ നെയിം പ്ലേറ്റ് പിടിപ്പിക്കുന്നുണ്ടായിരുന്നു. സ്വർണ വർണ്ണ ലിപിയിൽ ജീവൻ ജോസഫ് എന്ന് ആലേഖനം ചെയ്ത ഫലകം വണ്ടിയുടെ ഹെഡ് ലൈറ്റിൽ മിന്നി തിളങ്ങി. രാത്രിയായിട്ടും ജോലിക്കാരുണ്ട്. വെഞ്ചരിപ്പിനു മുൻപ് പണി തീർക്കാനുള്ള തത്രപ്പാടിലാണ് അവർ. ഞാൻ പലകകളായി ആ വലിയ ദാരു ശിൽപ്പം പുറത്തിറക്കി. അവിടെ നടക്കുന്ന കാര്യങ്ങളുടെയല്ലാം മേൽനോട്ടം വഹിക്കുന്ന ഒരാൾ ഓടിയെത്തി എല്ലാം പൊക്കിയെടുത്ത് അകത്ത് എത്തിക്കുന്നതിൽ എന്നെ സഹായിച്ചു. അയാൾ കാണിച്ചു തന്നിടത്ത് സ്വീകരണ മുറിയിലെ ഗോവണിപ്പടിക്കു മുകളിലായി പലകകൾ സ്ഥാപിച്ച് മരം കൊണ്ടുള്ള ആണികൾ അടിച്ചു കയറ്റി എല്ലാം കൂട്ടി യോജിപ്പിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ ബോർഡറും ചെയ്ത് കടുത്ത വാർണിഷുമടിച്ച് ഞാൻ മടങ്ങി. ഭാര്യയുടെ പ്രതിമ കിടപ്പുമുറിയിലാണ്. പ്രതിമയായതുകൊണ്ട് എനിക്കെന്തോ ഒരു വല്ലായ്മ തോന്നി. അതങ്ങനെ കിടപ്പുമുറിയിൽ വെക്കാൻ പറ്റുന്ന ഒന്നല്ല. ജീവൻ തുളുമ്പുന്ന പ്രതിമയിൽ മരിച്ചു പോയ ഭാര്യയുടെ പ്രേതമുണ്ടെന്ന് പറഞ്ഞ് വിളിച്ചാൽ വീണ്ടും വരേണ്ടി വരുമല്ലോ എന്നത് എനിക്കൊരു പ്രശ്നമായിരുന്നില്ല. ആ സ്നേഹ സമ്പന്നനായ ഭർത്താവിന് പ്രേതമായിട്ടാണെങ്കിൽ പോലും സ്വന്തം ഭാര്യയുടെ സാന്നിദ്ധ്യം ഏറ്റവും പ്രിയതരമായേ തോന്നാനിടയുള്ളൂ എന്ന് അറിയാഞ്ഞിട്ടുമല്ല. എന്നാലും അതവിടെ പാടില്ല എന്നാണ് കണ്ടപ്പോൾ തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *