“അതിപ്പോ തേഡ് ഡേ എൻ്റെ കൂടെ വരാൻ സംഘ ഗാനം പഠിച്ചില്ലേ? ഫസ്റ്റ് ഡേയിലെ രചനാ മത്സരോം ലാസ്റ്റ് ഡേയിലെ നാടകോം ഒന്നും അല്ല സെക്കൻ്റ് ഡേയിലെ അക്ഷരശ്ലോകോം പ്രശ്നോത്തരീം. അതേന്നു നമ്മളെ ബെസ്റ്റെസ്റ്റ്”
രചനാ മത്സരങ്ങൾക്കും പ്രസംഗത്തിനും അവസാന ദിവസത്തെ നാടകത്തിനും പോയി കൊണ്ടിരുന്ന ഞാൻ എട്ടിലെത്തിയപ്പോൾ അവൾക്ക് വേണ്ടിയാണ് സംഘ ഗാനം പഠിച്ചത്.
രാവിലെ മുപ്പതോ നാൽപ്പതോ കുട്ടികളുള്ള സംഘമായാണ് കലോത്സവ വേദിയിലേക്കുള്ള യാത്ര. ആ തിരക്കും ബഹളവും ഒച്ചപ്പാടുകളും…. അത് മറ്റൊരു അനുഭവമാണ്. മൂന്നര ആവുമ്പോഴേക്കും പ്രധാന ഇനങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ടാവും. അവസാനത്തെ ഒന്നോ രണ്ടോ ഐറ്റങ്ങൾക്കുള്ള അഞ്ചോ ആറോ കുട്ടികളും ഒന്നോ രണ്ടോ ടീച്ചേർസും ഒഴികെ മറ്റുള്ളവരെല്ലാം നാല് മണിക്ക് മുൻപ് മടങ്ങും. പിന്നെ ഏഴെട്ട് മണി വരെ എനിക്കും കാർത്തികക്കും അത് മറ്റൊരു ലോകമാവും. തിരക്കൊഴിഞ്ഞ് കൂട്ടുകാരൊന്നും ഇല്ലാതെ ഞങ്ങളുടേത് മാത്രമായ പ്രശാന്തതയുടെ മണിക്കൂറുകൾ. മൂന്നാം ദിനം രാത്രി വരെ അവളോടൊപ്പം ഉണ്ടാവാൻ പതിനൊന്ന് മണിക്ക് മുൻപ് കഴിയുന്ന സംഘഗാനം പോരാ എന്ന് തോന്നിയപ്പോൾ ഒമ്പതിലും പത്തിലും വെച്ച് വൈകുന്നേരം ആരംഭിക്കുന്ന പെൻസിൽ ഡ്രോയിംഗിനും ഓയിൽ പെയിൻ്റിങ്ങിനും കൂടി ഞാൻ മത്സരിച്ചു.
“പക്ഷേ എനിക്കേ പ്രശ്നോത്തരി കഴിഞ്ഞുള്ള നിൻ്റെ അഷ്ടപദിണ്ടല്ലോ. അതേന്നു ഏറ്റവും ഇഷ്ടം”
ഉടുക്ക് കൊട്ടി മനോഹരമായി അവൾ അഷ്ടപദി ചൊല്ലുമ്പോൾ ഞാൻ വേദിയുടെ മുന്നിൽ തന്നെയുണ്ടാവും. തൊട്ട് മുൻപ് കഴിച്ച ഐസ്ക്രീമിൻ്റെ മധുരം ഗീതത്തിനുമുണ്ടാവും. ഒരു പുഞ്ചിരിയോടെയല്ലാതെ അതൊന്നും ഓർമ്മിക്കാനാവില്ല.