“വരൂ സാർ”
ഒരു പെൺകുട്ടി വന്ന് ഞങ്ങളെ മുകളിലെത്തെ നിലയിലേക്ക് കൂട്ടി കൊണ്ട് പോയി. രണ്ട് നിലകളുള്ള കാര്യം അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഒരു സെയിൽസ്മാൻ ഞങ്ങളുടെ അരികിലെത്തി.
“പാദസരം നോക്കാനാണ്. പിന്നെ താലിമാലയും”
സെയിൽസ്മാൻ സ്വർണ്ണ പാദസരങ്ങളെടുക്കാൻ തിരിഞ്ഞു.
“എന്തിനാ താലിമാല”?
ആരും കേൾക്കാതിരിക്കാൻ പതിഞ്ഞ ശബ്ദത്തിലായിരുന്നു കാർത്തികയുടെ ചോദ്യം.
“വെറുതെ. അതന്ന് ഒരു തോന്നലിനങ്ങട്ട് കെട്ടിയതല്ലേ? പോരാത്തേന് സാധാരണ ഒരു മാലേം. പുതിയ മോഡല് മാലയല്ലേ കഴുത്തില് ഭംഗി”?
“ഇത്രേം പൈസക്ക് മാല വാങ്ങീട്ട് അറിയുന്നോരാരേലും അച്ഛനോട് പറഞ്ഞാലോ?
“ഇവിടെ ആരേലും അച്ഛനെ അറിയുന്നോരുണ്ടോ? അച്ഛൻ ചോദിച്ചാല് കണ്ണി പൊട്ടിയ പാദസരം മാറ്റി വാങ്ങാൻ പറ്റ്വോന്ന് നോക്കാൻ കയറിയതാന്ന് പറഞ്ഞാ മതി”
സ്വർണ്ണ പാദസരങ്ങളുള്ള ഒരു ഡസൻ ബോക്സുകൾ ഞങ്ങളുടെ മുന്നിൽ നിരന്നു.
“സാധാരണ പാദസരം പോരേ കണ്ണാ”?
“മുത്താണോ അതോ പട്ടയോ”?
“പട്ട”
മറ്റൊരു സെയിൽസ്മാൻ ജ്യൂസുമായി വന്നു. ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ വരുന്നവർക്ക് ജ്യൂസു കൊടുക്കുന്ന ഏർപ്പാട് കാലം മാറിയിട്ടും ഇപ്പോഴും തുടരുന്ന പഴഞ്ചന്മാരായിരുന്നു അവർ. താഴെ നിന്ന ഒരു ചേച്ചി മുകളിലേക്ക് ഇടത് വശത്തുള്ള മറ്റൊരു ഗോവണി കയറി വന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സെയിൽസ്മാൻ താഴേക്ക് പോയി. മോഡൽ കാണിക്കാൻ ആറേഴ് വെള്ളി പാദസരങ്ങൾ ആ ചേച്ചി ഞങ്ങളുടെ മുന്നിൽ നിരത്തി.