പോപ്പ് മ്യൂസിക്കും കേട്ട് ഹോം വർക്ക് ചെയ്യുന്ന ഞാൻ…തറവാട്ടിലാദ്യമായി ഇൻ്റർനെറ്റെടുത്തത്…. കൊൽക്കത്തയിൽ നിന്നുള്ള രേണുവിൻ്റെ സ്കൈപ്പ് കോളുകൾ… പഴയ ലാൻ്റ് ഫോൺ… ഡയൽ അപ്പ് മോഡം…. ഡൽഹിയിൽ നിന്നുമുള്ള അച്ഛൻ്റേയും അമ്മയുടെയും ഫോൺ കോളുകൾ… അങ്ങനെ പലതും ഓർമ്മയിൽ മിന്നി മറഞ്ഞു. കള്ളൻ ചക്കയിടുമ്പോലെ ഓരോന്ന് ഇടക്ക് കേൾക്കാം എന്നാണ് മുറിഞ്ഞ് മുറിഞ്ഞ് മാത്രം കേൾക്കുന്ന ഡൽഹി കോളുകളെപ്പറ്റി അച്ഛമ്മ പറയാറ്. നാലഞ്ച് പോസ്റ്റുകൾ നാട്ടി വർഗ്ഗീസ് ചേട്ടൻ്റെ വീട്ടിലാണ് ആദ്യം ഫോൺ വന്നത്. അന്ന് വർഗ്ഗീസ് ചേട്ടൻ തിരുവമ്പാടിയിലെ എം എൽ എ ആയിരുന്നു. ഫോണിന് അത്യാവശ്യമുള്ള കാലം. ആഴത്തിൽ കുഴിച്ചും കുഴിക്കാൻ പറ്റാത്ത ഇടങ്ങളിൽ പോസ്റ്റ് നാട്ടിയും കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും വർഗ്ഗീസ് ചേട്ടൻ കുന്നിന് മുകളിൽ ഫോണെത്തിച്ചു. രേണു പഠിക്കാനായി കൊൽക്കത്തയിലേക്ക് പോയപ്പോഴാണ് തറവാട്ടിൽ ഇൻ്റർനെറ്റ് കണക്ഷനെടുത്തത്. എന്തൊരു കഷ്ടം. എങ്ങനെയൊക്കെ നോക്കിയാലും ചിന്തകൾ അവസാനം അവിടെ തന്നെയെത്തും.
പഴയ ഫോറസ്റ്റ് ഓഫീസിലേക്കുള്ള ഞെരുങ്ങിയ റോഡിൻ്റെ ഇടത് വശത്ത് പടിപ്പുര പോലെ വലിയൊരു ഗേറ്റും ഗേറ്റിനു മുകളിൽ കമ്പിക്കൂടു കൊണ്ടുണ്ടാക്കിയ ഒരു കമാനവും കണ്ട് ഞാൻ വണ്ടി നിർത്തി. വലത് വശത്ത് ഒരാൾ താഴ്ചയിൽ ഒരു പതിയാണ്. ഇടത് വശത്ത് ചെറിയ ഒരു കുന്നും. കമാനത്തിനടിയിൽ നിന്ന് വീതി കുറഞ്ഞ ഒരു ചെമ്മൺ പാത കുന്ന് കയറി മുകളിലേക്ക് പോകുന്നു. ആ വഴിയുടെ ആരംഭത്തിൽ പാതിയിലേറെ മാഞ്ഞ് പോയ അക്ഷരങ്ങളിൽ മഠത്ത് വീട്ടിൽ ഗീവർഗ്ഗീസ് അഡ്വക്കേറ്റ് എന്ന് ഗ്രാനൈറ്റിൽ ആലേഖനം ചെയ്ത മങ്ങിയ ഒരു നീല ഫലകം രണ്ടാഴ്ച മുമ്പ് പെയ്ത വേനൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് കടപുഴകി വീണ മഹാഗണിയോടൊപ്പം ചരിഞ്ഞ് ഇടിഞ്ഞ് താഴ്ന്ന് പോയ കൽമതിൽക്കെട്ടിൽ ഉപേക്ഷിക്കപ്പെട്ട സ്മാരകശിലപോലെ നിലകൊണ്ടു. കമാനത്തിനു മീതെ ഇരുമ്പുകമ്പികൾ വളച്ച് അക്ഷരങ്ങളാക്കി മഠത്ത് വീട്ടിൽ എന്നെഴുതിയിട്ടുണ്ട്. തുരുമ്പ് പിടിച്ച് ദ്രവിച്ച് കാലപ്പഴക്കം കൊണ്ട് ദുർബലമായ ഇരുമ്പ് കമ്പികളിൽ താങ്ങി നിർത്തിയ വലിയ അക്ഷരങ്ങൾ ആ പുരാതനമായ തറവാടിൻ്റെ ഭാരം പേറി. രാവിലെ എത്തിയ സ്ഥിതിക്ക് വർഗ്ഗീസ് ചേട്ടനെ ഒന്ന് കാണാം എന്ന വിചാരത്തോടെ ഞാൻ ആ ചെറിയ ചെമ്മൺ പാതയിലേക്ക് വണ്ടി തിരിച്ചു.