വൈകുന്നേരമായതോടെ ടൗണിൽ ആൾ തിരക്കായി. റോഡു വക്കിൽ സ്കൂട്ടറുകളാണ് അധികവും. ചർച്ചിനോട് ചേർന്നുള്ള ഒരൊഴിഞ്ഞ പറമ്പിൽ ഒരുപാട് സ്കൂട്ടറുകൾക്കിടയിലൊരിത്തിരി സ്ഥലത്ത് ഒരു കാറുകാരൻ വണ്ടിയെടുത്ത് കൊണ്ടുപോയ ഒഴിവിൽ ട്രക്ക് ഞാൻ തിരുകി കയറ്റി. ബൊട്ടീക്കിലേക്ക് കുറച്ച് നടന്നു. പ്രതീക്ഷിച്ചത് പോലെയല്ല. കൊച്ചിയിലും ബാംഗ്ലൂരിലുമൊക്കെയുള്ള ഹൈ എൻഡ് ഷോപ്പുകളുടെ അതേ അനുകരണം. സ്ത്രീകൾക്ക് ആവശ്യമായതെല്ലാം അവിടെയുണ്ട്. എന്നാലും ഇതു പോലെയൊരു കട. അതും മീനങ്ങാടിയിൽ. എനിക്ക് അത് ഉൾക്കൊള്ളാനായില്ല.
“ഇത് നല്ലൊരു ഷോപ്പാണല്ലോ. പ്രീമിയം ഇന്നർ വെയേർസൊക്കെ. ഇവിടെ ഇതൊക്കെ വാങ്ങാനാൾക്കാരുണ്ടോ”?
“ഇവിടെന്തൊക്കെണ്ട്… ന്നിട്ടും അതേ കണ്ടുള്ളൂ”?
“അങ്ങനെയല്ല. ഞാൻ മൊത്തത്തിലുള്ള ആ ഒരിത് നോക്കിയതാ”
കാർത്തിക എൻ്റെ കൈ പിടിച്ച് മുന്നിൽ നടന്നു. സെയിൽസ് ഗേൾസിനൊക്കെ അവളെ നല്ല പരിചയമുണ്ട്.
“അമ്മൂ… നോക്ക്… എണ്ണൂറ് രൂപേൻ്റെ ലൊട്ക്ക് ടോപ്പൊന്നും തെരയണ്ട. നിനക്കിഷ്ടള്ളത് വാങ്ങിക്കോ”
“നിനക്കെന്താ ഇഷ്ടം കണ്ണാ”?
“എല്ലാം ഇഷ്ടാണ്. ചുരിദാർ. സൽവാർ കമ്മീസ്. പലാസോ. പാട്യാല. അനാർക്കലി. ഇന്ത്യൻ ഗൗൺസ്. കുർത്തി. ജീൻസ്… ഒക്കെ എനിക്കിഷ്ടാ. ഈ മാക്സി ഡ്രെസ്സും മാക്സി ഗൗണും ഒക്കെല്ലേ…? അത് മാത്രം ഇഷ്ടല്ല. എന്താന്നറിയില്ല. ഒരു ഭംഗിയില്ലാത്ത ഡ്രസ്സാ അത്”
“അതാ ഇപ്പഴത്തെ ഫാഷൻ. പൈസേം കുറവാണ്. കംഫർട്ടബിളാണ്….”