വീണ്ടും എൻ്റെ മനസ്സ് ഒമ്പതാം ക്ലാസ്സിലെത്തി. അന്ന് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന് അവളെ വീണ്ടും കണ്ടപ്പോൾ എനിക്കെന്തോ തിരിച്ചു കിട്ടിയതു പോലെയായിരുന്നു. അക്ഷരോത്സവത്തിൻ്റെ ഭാഗമായി ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഒന്നാം സ്ഥാനം കിട്ടിയതിനുള്ള വഴിപാടായി വനദുർഗ്ഗ ക്ഷേത്രത്തിലേക്ക് നേർന്ന നിർമ്മാല്യം തൊഴാനും പട്ടും കിഴിപ്പണവും വെക്കാനും ഞങ്ങളൊരുമിച്ച് ഞായറാഴ്ച രാവിലെ അമ്പലത്തിൽ പോകണമെന്ന് അച്ഛമ്മ പറഞ്ഞിരുന്നു. ശനിയാഴ്ച തന്നെ അച്ഛമ്മയെ സോപ്പിട്ട് സ്കോളർഷിപ്പ് കിട്ടിയ പൈസ എടുത്ത് ഞാൻ ഒരു മാല വാങ്ങി. അച്ഛച്ഛനൊന്നും പറഞ്ഞില്ല. ഒരു പക്ഷേ ഞാൻ ചെയ്യാൻ പോകുന്നത് അറിയുന്നത് കൊണ്ടായിരിക്കാം. ആരും ഒന്നും പറയാതെ തന്നെ അച്ഛച്ഛന് എല്ലാം അറിയാൻ കഴിയും. പല സിദ്ധികളുമുള്ള മനുഷ്യനായിരുന്നു.
അച്ഛച്ഛനോടും അച്ഛമ്മയോടും ഒപ്പമായിരുന്നു ഞാൻ അമ്പലത്തിലെത്തിയത്. കാർത്തിക അച്ഛൻ്റെ കൂടെ ബൈക്കിലും. കാടിനോട് ചേർന്ന് ഒരമ്പലം. ശിവനും പാർവതിയുമാണ് പ്രതിഷ്ഠ. പ്രധാനമായും ദേവി തന്നെ. വനദുർഗ്ഗാ ക്ഷേത്രമാണ്. പാറപ്പുറത്താണ് അമ്പലം. കിഴക്കോട്ടാണ് ദർശനം. മുന്നിൽ ഒരു പുഴയാണ്. കൽപ്പടിക്കെട്ടുകൾ പുഴവരെയുണ്ട്. മുള കൊണ്ടുള്ള ഒരു ചെറിയ പാലത്തിലൂടെ വേണം അക്കരെ എത്താൻ. അവിടെയൊക്കെ നല്ല ഇരുട്ടായിരുന്നു അന്ന്. ഞങ്ങൾ തൊഴുത് കുറച്ച് കഴിഞ്ഞാണ് കാർത്തിക എത്തിയത്. വന്ന ഉടനെ അവർ നേരെ തൊഴുകാൻ പോയി. കുറച്ചപ്പുറത്തെ ഓഫീസിൻ്റെ വരാന്തയിലേക്ക് മാറി ഇരുന്ന ഞങ്ങളെ അവർ കണ്ടില്ല. താഴെ കടവിനടുത്താണ് ബ്രഹ്മരക്ഷസ്സും അയ്യപ്പനും നാഗങ്ങളുമുള്ളത്. അതിനടുത്ത് ഒരു ചെറിയ ഓടിട്ട കെട്ടിടമുണ്ട്. അതാണ് ഓഫീസ്. പടികൾ കയറി ക്ഷീണിച്ച അച്ഛമ്മ ഓഫീസിൻ്റെ മുന്നിലെ വരാന്തയിലിരുന്നു. അച്ഛമ്മക്ക് മുട്ടു വേദന കലശലായ സമയമായിരുന്നു അത്. അച്ഛച്ഛൻ ഓഫീസിലുണ്ടായിരുന്ന അമ്പലത്തിൻ്റെ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.