“ഈ മാല നിനക്ക് ഓർമ്മല്ലേ”?
ഞാൻ കഴുത്തിലെ മാലനോക്കി. കാർത്തിക മാല നീട്ടി പിടിച്ചു. മനസ്സ് പിടഞ്ഞു. അതവളുടെ കഴുത്തിൽ ഇപ്പോഴും ഉണ്ടാവുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. ഞാൻ പഴയ ഒമ്പതാം ക്ലാസിലെത്തി.
കണ്ണാ നിനക്ക് ഇപ്പോള്ള ഈ ഇഷ്ടം എന്നും എന്നോടുണ്ടാവോ? ഓണാഘോഷം കഴിഞ്ഞ് ഉച്ചക്ക് മൈതാനത്തിൻ്റെ അങ്ങേയറ്റത്തെ ഉങ്ങു മരത്തിൻ്റെ തണലിൽ പായസവും കുടിച്ചിരിക്കുമ്പോഴായിരുന്നു കാർത്തികയുടെ ആ ചോദ്യം. ഉണ്ടാവും എന്നായിരുന്നു എൻ്റെ മറുപടി. ഉടനെ അവളുടെ അടുത്ത ചോദ്യമെത്തി. അപ്പോ നീയെന്നെ കല്യാണം കഴിക്കില്ലേ? മറുപടിക്കായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കഴിക്കും എന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു. കുറച്ച് കഴിഞ്ഞ് അച്ഛൻ്റെ കൂടെ വീട്ടിലേക്ക് മടങ്ങിയപ്പോഴും കാർത്തികയുടെ മുഖം തെളിഞ്ഞിരുന്നില്ല. അവളങ്ങനെ പെട്ടെന്ന് ചോദിക്കാൻ കാരണമെന്താണ് എന്ന് മനസ്സിലായില്ല. ഒരു പക്ഷേ അലീനയായിരിക്കും. അത്തപ്പൂക്കളം ഞാനായിരുന്നു വരച്ചത്. പൂക്കളമിടാൻ അലീനക്കായിരുന്നു ഉത്സാഹം. അപ്പോൾ ഒട്ടൊന്ന് അടുത്തിടപഴകിയിരിക്കാം. ഖിന്നയായ കാർത്തികയുടെ ആ സങ്കടം തുളുമ്പുന്ന മുഖം. അന്ന് അതെന്നെ തീരാത്ത ദുഃഖത്തിലാഴ്ത്തി.
“അലീന അമേരിക്കേലാ. പപ്പക്ക് ന്യൂയോർക്കിലേക്ക് ട്രാൻസ്ഫറായി. കമ്പനീടെ വൈസ് പ്രസിഡൻ്റോ എന്തോ ആയിട്ട്. അപ്പോ കുടുമ്പടക്കി അമേരിക്കേക്ക് പോയി”
“എന്താ”?
“അലീന. നീ അവളെയല്ലേ ഓർത്തത്”?
“അല്ല. ഞാൻ നിന്നെ താലി കെട്ടിയത് ഓർത്തതാ”