പിന്നീടെല്ലാം പതിവ് സംഭാഷണങ്ങളായിരുന്നു. പഴയ കാര്യങ്ങൾ… എൻ്റെ പഠിത്തം…. ബി ടെക് കോഴ്സ്…. രേണു… മാതൃനിർസവിശേഷമായ വാത്സല്യത്തോടെ ടീച്ചർ എല്ലാം ചോദിച്ചറിഞ്ഞു. കാർത്തിക ഒക്കെ കേട്ട് അടുത്തു തന്നെയുണ്ടായിരുന്നു.
“ഇവളെന്താ മിണ്ടാതെ നിക്കണേ”?
“അവളോ… ചെരിപ്പോ ഡ്രെസ്സോ എന്തൊക്കെയോ വാങ്ങാനാന്നും പറഞ്ഞ് ഇറങ്ങിയതാ. ഇവിടെ ആ ജംങ്ഷനില് പുതിയൊരു കട തുടങ്ങീട്ടുണ്ടല്ലോ. ഇപ്പോ തന്നെ എത്ര ടോപ്പായീന്നറിയോ ഈ വാങ്ങി കൂട്ടണത്”
“മീനങ്ങാടീക്കല്ലേ? എന്നാ എൻ്റെ കൂടെ പോരേ. വെറുതേ അത്രേം ദൂരം നടക്കണ്ടല്ലോ. ഞാനവിടെ ഇറക്കാം”
കാർത്തിക അമ്മയെ ഒന്ന് നോക്കി വണ്ടിയിൽ കയറി. ഞാൻ വണ്ടി സ്റ്റാർട്ടാക്കി. കാർത്തിക കൂടെയുള്ളതിൽ ചെറുതല്ലാത്ത ആനന്ദത്തോടെ ഞാനെൻ്റെ ആ പഴയ ഗണിതാധ്യാപികയുടെ സമക്ഷത്തിൽ നിന്നും വിടകൊണ്ടു.
“അതെന്താ ആ ഒച്ച? ഈ തെർമോ കോളൊക്കെ ഉരക്കുമ്പോണ്ടാവില്ലേ ഒരു… ഒരു ഇത്. അത് പോലെത്തെ സഹിക്കാൻ പറ്റാത്ത ഒരു കിരുകിരുപ്പ് തോന്നണില്ലേ”?
“അത് സീറ്റ് ബെൽറ്റിടാഞ്ഞിട്ടാ”
ചെവിയിൽ തുളഞ്ഞ് കയറുന്ന ആ ചെറിയ ശബ്ദത്തിൻ്റെ അസഹ്യതയിൽ കാർത്തികയുണ്ട് കോച്ചിപ്പിടിക്കുന്നതു പോലെ നെറ്റിയൊക്കെ ചുളിച്ച് വക്രിച്ച മുഖത്തോടെ ഇരിക്കുന്നു. ഞാൻ സീറ്റ് ബെൽറ്റ് വലിച്ചിട്ടു.
“പണ്ടത്തെ പോലെ തന്നെയാല്ലേ ഇപ്പഴും”?
“എന്ത്”?
“ഡ്രസ്സ്”
“ഓ… ഈ അമ്മ…. മനുഷ്യനെ നാണം കൊടുത്താനായിട്ട് അമ്മങ്ങനെ ഓരോന്ന് പറയും”