രാവിലെയായത് കൊണ്ട് ചുരത്തിൽ ട്രാഫിക് കുറവായിരുന്നു. വേഗത്തിൽ പോന്നതു കൊണ്ട് പത്ത് മണി ആയപ്പോഴേക്ക് ബത്തേരിയിലെത്തി. രണ്ട് കൊല്ലം മുൻപ് ഞങ്ങൾ കുറ്റിക്കാട്ടൂരിലേക്ക് മാറിയതിനു ശേഷം തറവാട്ടിലെ കാര്യങ്ങളെല്ലാം വർഗീസ് ചേട്ടനാണ് നോക്കി നടത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും കാവിൽ വിളക്ക് വെക്കാൻ ഞാൻ മാത്രം വരും. വിളക്ക് വെച്ച് പൂജയും ചെയ്ത് രാത്രി തന്നെ മടങ്ങിപ്പോകും. ഇതാണ് കഴിഞ്ഞ ഒരു വർഷമായിട്ടുള്ള പതിവ്. രാത്രിയിലുള്ള വരവും പോക്കും ആയതു കൊണ്ട് അങ്ങനെ ആരേയും കാണാൻ നിൽക്കാറില്ല. മരിച്ചവരുടെ ഓർമ്മകൾ അലട്ടുന്നത് കൊണ്ട് രേണു പിന്നെ ഇങ്ങോട്ട് വന്നിട്ടേയില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചു തുടങ്ങിയാൽ അതിൽ മുഴുകിപ്പോകും എന്ന് തോന്നിയപ്പോൾ ഞാൻ സ്റ്റീരിയോ ഓണാക്കി.
“….ഓബിമേ….” കേട്ട ഉടൻ ഞാൻ സ്റ്റീരിയോയുടെ നോബ് തിരിച്ചു. അല്ല പിന്നെ. “…സേ യെസ് റ്റു ഹെവൻ…” ഞാൻ വീണ്ടും നോബ് തിരിച്ചു. ബില്ലി എയ്ലിഷായിരുന്നു അടുത്തത്. വിഷാദാത്മകമായ ചിന്തകളിൽ നിന്നും മോചനം നേടാൻ പാട്ട് വെച്ചപ്പോൾ എല്ലാം ശോകഗാനങ്ങൾ. സ്റ്റീരിയോ ഓഫ് ചെയ്ത് ഞാൻ മൊബൈലിൽ പാട്ടു വെച്ചു. പിറ്റ്ബുള്ളും മാർക്ക് ആൻ്റണിയും ഏതോ മരുഭൂമിയിൽ പാടി തിമിർക്കുന്നു. വേദനാജനകമായ ഓർമ്മകളെ മനസ്സിൻ്റെ ഉള്ളറകളിലേക്ക് തള്ളി മാറ്റി പോപ്പ് മ്യൂസിക്ക് കാതുകളിൽ പതഞ്ഞു കയറി. എല്ലാ ഹിറ്റ് ചാർട്ടുകളിലും ബ്രിട്ട്നി സ്പിയേർസും പിറ്റ് ബുള്ളുമുണ്ടായിരുന്ന ആ കാലം ഞാൻ ഓർത്തു പോയി. പഴയ പോപ്പ് ഗായകർക്കൊക്കെ ഇതെന്ത് പറ്റി എന്ന് ചിന്തിക്കാതിരിക്കാനായില്ല.