“അവടെരിക്കെടാ… എന്ത് വർത്താനാ കണ്ണാദ്? അനക്കും കൂടെ ദുആ ചൊല്ലണോരാ ഞങ്ങള്”
അത്രയും സമയം എല്ലാം കേട്ടിരുന്ന ഉമ്മ ദേഷ്യപ്പെട്ടു. ഉമ്മയെ അത് വേദനിപ്പിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല. ആ ഒരു ഉദ്ദേശത്തിലല്ല ഞാൻ പറഞ്ഞതും. ജുമൈലത്തും കാർത്തികയുമായിരുന്നു എൻ്റെ മനസ്സിൽ. ആയിഷക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു. അവളുടെ ഭാവത്തിലും നോട്ടത്തിലുമെല്ലാം ഒരു പ്രത്യേക സ്നേഹമുള്ളത് പോലെ.
“എന്താ”?
“അതെന്നേക്കും ചോദിക്കാള്ളേ. എന്താ ഒരു ചിരിയൊക്കെ? ഇഞ്ഞിപ്പോ അനക്കിങ്ങട്ട് വരാനൊരു കാരണായീലേ? ഇല്ലേ കണ്ണാ”?
“ആരുണ്ടായീട്ടും ഒന്നൂല്ല. ഓൻ വരൂല്ല. അതെന്താടാ അങ്ങനെ”?
അജ്മൽ. സാമദ്രോഹി. വീണു കിട്ടിയ അവസരം ഭാര്യയും ഭർത്താവും നന്നായി ഉപയോഗിക്കുന്നത് കണ്ട് തൽക്കാലം മിണ്ടാതിരിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ല.
പതിവ് കുശലാന്വേഷങ്ങളും കളിചിരി തമാശകളുമായി സമയം പോയതറിഞ്ഞില്ല. മൂന്നരയായപ്പോഴാണ് എനിക്ക് സമയം വൈകിയിരിക്കുന്നു എന്ന ബോധം വന്നത്.
“അപ്പോന്നാ അങ്ങനെ. ഒരു ദിവസം ഞാനും രേണുവും കൂടെ വരണ്ട്”
ഞാൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ കാർത്തികയും അമ്മയും മുറ്റത്തുണ്ടായിരുന്നു. കാർത്തിക എങ്ങോട്ടോ പോവാൻ ഇറങ്ങിയതാണ്.
“ഇഞ്ഞി എന്തായാലും ഓൻ വരും”
കാർത്തികയെ നോക്കി ആരോടെന്നില്ലാത്ത ആയിഷയുടെ ആത്മഗതം കേട്ടപ്പോൾ ഞാൻ അജ്മലിനെ നോക്കിയ നോട്ടത്തിൽ അവൻ ദഹിച്ചു പോവാഞ്ഞത് ഞാൻ ശിവനല്ലാത്തത് കൊണ്ട് മാത്രമായിരുന്നു. ആ പന്നൻ ഒന്നും വിടാതെ എല്ലാം ഭാര്യയോട് പറഞ്ഞിട്ടുണ്ട്. എന്തൊരു ഗതികേടാന്ന് നോക്കണേ. ഈ പ്രേമത്തിനൊരു കുഴപ്പമുണ്ട്. അത് വരെ ഇല്ലാത്ത പ്രേമം പോലും പൊട്ടി മുളക്കാൻ ഇത് പോലെ മൂന്നാല് പേര് കളിയാക്കിയാൽ മതി. ഞാനും കാർത്തികയും പക്ഷേ അങ്ങനെയല്ല. അത് പോലെ എന്തെങ്കിലും ഉണ്ടായാൽ ഞങ്ങൾ തമ്മിൽ ഇപ്പോഴുള്ള അകൽച്ച ഇനിയും കൂടാനാണ് സാധ്യത കൂടുതൽ.