ഞാനില്ലായിരുന്നെങ്കിലും കേസ് നിലനിൽക്കില്ലായിരുന്നു. അതിന് ആയിഷയുടെ അന്നത്തെ മൊഴി മാത്രം മതിയായിരുന്നു. അജ്മൽ അത് സമ്മതിക്കില്ല. ആളിന് ആള് തന്നെ വേണമെന്നാണ് അവൻ്റെ പക്ഷം. ആയിഷയും അത് തന്നെ പറയുന്നു. അത് പോലെയുള്ള സാഹചര്യത്തിൽ എല്ലാം ആലോചിച്ചുറപ്പിച്ച് പെരുമാറാനും സംസാരിക്കാനും എങ്ങനെ എന്ത് പറയണമെന്ന് വ്യക്തമായി പറഞ്ഞ് കൊടുക്കാനും അവർക്ക് ഞാനുണ്ടായിരുന്നു. എല്ലാത്തിനും ഒപ്പം കൂട്ടായി അജ്മലിൻ്റെ ഉമ്മയുണ്ടായിരുന്നു. താത്തയും. അളിയാക്ക ഗൾഫിലാണ്. പക്ഷേ അവർക്കാർക്കും ആയിഷയുടെ ഉപ്പയേയും ഉമ്മയേയും നേരിടാനുള്ള ത്രാണിയൊന്നുമില്ല. അവർക്ക് ഇട്ട് മൂടാനുള്ള പണമുണ്ട്. ബന്ധങ്ങളും. അജ്മലിനെന്തുണ്ട്? ഒന്നുമില്ല.
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞാൻ പോയി തലയിട്ടതിന് അച്ഛച്ഛൻ കാര്യമായി വഴക്ക് പറഞ്ഞു. അതിന് എരിവ് കൂട്ടി കൊടുക്കാൻ രേണുവും. അജ്മലിൻ്റെ ജീവിതം എങ്ങനെയാവും എന്നെനിക്കറിയാമായിരുന്നു. ഞാനത് അച്ഛച്ഛനോട് പറഞ്ഞു. എല്ലാം പറഞ്ഞു. ഒരക്ഷരം പോലും പറയാതെ അച്ഛച്ഛൻ മുറിയിലേക്ക് മടങ്ങി. എന്തായിരുന്നു അച്ഛച്ഛൻ്റെ മനസ്സിൽ? പറഞ്ഞ് തന്നതെല്ലാം അതിൻ്റെ പൂർണതയിൽ പ്രയോഗിക്കാൻ ഞാൻ പഠിച്ചതിലുള്ള സന്തോഷമാണോ അതോ അച്ഛച്ഛൻ്റെ കാലശേഷം എല്ലാം ഞാൻ കേമമായി കൊണ്ട് നടക്കും എന്ന വിശ്വാസമാണോ? അതെന്തായാലും അത് കഴിഞ്ഞ് രണ്ട് മാസം കൂടിയേ അച്ഛച്ഛൻ ഉണ്ടായിരുന്നുള്ളൂ. ഒരു രാത്രി ഉറങ്ങാൻ കിടന്ന അച്ഛച്ഛൻ പിന്നെ എഴുന്നേറ്റില്ല. ഓരോന്നാലോചിച്ച് കാടുകയറിയ ചിന്തകൾ എന്നെ അസ്വസ്ഥനാക്കി.