“ഓനോരോ തെരക്കല്ലേ ഉമ്മാ… ല്ലേ കണ്ണാ”?
ആയിഷ ഉമ്മയുടെ അടുത്ത് വന്നിരുന്നു. അവരുടെ നിക്കാഹിന് കൂട്ടു നിന്ന എന്നെ ചത്താലും മറക്കില്ലെന്ന് പറഞ്ഞവളാണ് ഇപ്പോൾ ഗർഭിണിയായി അടുത്തിരിക്കുന്നത്.
“അതിനിപ്പോ ഞാനെന്താ പറയാ… അങ്ങനെ ഒക്കെ ആയി. അല്ലാതെന്താ. ഇന്നാണെങ്കില് അജ്മല് നിർബന്ധിച്ചപ്പോ പിന്നെ ഒന്നും നോക്കീല. പിന്നെ…. പ്രഗ്നൻ്റായ സ്ഥിതിക്ക് ഉപ്പേം ഉമ്മേം ഒക്കെ….”
ഞാൻ അയിഷയുടെ നേർക്ക് തിരിഞ്ഞിരുന്നു. അയിഷയുടെ ദുഃഖ സാന്ദ്രമായ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. രണ്ട് വർഷമായിട്ടും അവരുടെ പിണക്കം മാറിയിട്ടില്ല. ആയിഷയുടെ പരപ്പനങ്ങാടിയിലെ പ്രമാണിയായ ഉപ്പയെ എനിക്കറിയാം. വായിൽ സ്വർണ കരണ്ടിയുമായി ജനിച്ച ആഢ്യയായ ഉമ്മയെയും. ഒരു കല്യാണത്തിനിടയിൽ വേങ്ങരയിൽ വെച്ചന്ന് അവരെ കണ്ടപ്പോൾ വെറുപ്പോടെ മുഖം തിരിച്ച് മാറിക്കളയും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ ഒന്നുമുണ്ടായില്ല. അങ്ങനെ ഒരു മകളേ ഇല്ല എന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. ഇനി മകൾക്ക് ഒരു കുഞ്ഞുണ്ടായാൽ പ്പോലും അവർക്കൊരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല.
വലിയ അഭിമാനികളായ അവർ കേസു കൊടുത്തതും ആയിഷക്ക് പതിനെട്ടാവാഞ്ഞത് കൊണ്ടുണ്ടായ പുകിലും ഒന്നും അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ല. ഒളിച്ചോട്ടം കേസായി. അച്ഛച്ഛൻ കാര്യമറിഞ്ഞു. വർഗ്ഗീസ് ചേട്ടൻ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ സമയമായിരുന്നു. കേസിൽ ഞാനും ഉണ്ടായിരുന്നത് കൊണ്ട് അച്ഛച്ഛൻ ഇടപെട്ടു. എം എൽ എ യും വയനാട്ടിലെ ഡി സി സി പ്രസിഡൻ്റും ആയിരുന്ന കാലത്തെ വർഗ്ഗീസ് ചേട്ടൻ്റെ ബന്ധങ്ങളുപയോഗിച്ച് കേസ് ഒത്തു തീർപ്പാക്കി.