മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Posted by

 

“ഇന്നലെ ഓര് രണ്ടാളും ചെക്കപ്പിന് പോയി വന്നപ്പോ പറയാൻ തൊടങ്ങീതാ അൻ്റെ കാര്യം. അന്ന് നിക്കാഹിന് കണ്ടതാ”

 

ഉമ്മ എന്നെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. അതിൽ അത്ഭുതമൊന്നുമില്ല. അന്ന് പ്ലസ് ടുവിൻ്റെ എക്സാം നടക്കുന്ന സമയമായിരുന്നു. അത് കഴിഞ്ഞതോടെ ഞാൻ ബത്തേരി വിട്ടു. എൻട്രൻസ് കോച്ചിങ്ങും പരീക്ഷകളുമായി തിരക്കായി. അതിനിടക്ക് രേണു കുറ്റിക്കാട്ടൂരിൽ വീട് വാങ്ങി. ജീവിതം പതുക്കെ മാറി കൊണ്ടിരുന്നു. കാർത്തികയുണ്ടായിരുന്നു എന്നും മനസ്സിൽ. പക്ഷേ ഇങ്ങോട്ട് വരണം. ഇവരെ ഒക്കെ കാണണം എന്നൊരിക്കലും എനിക്ക് തോന്നിയില്ല.

 

അജ്മലിൻ്റെ നിക്കാഹ്. സംഭവ ബഹുലമായ ചില സംഭവ പരമ്പരകളുടെ ആരംഭം ആ നിക്കാഹ് ആയിരുന്നു. മൂന്ന് കൊല്ലം മുമ്പുള്ള ഒരു ഫെബ്രുവരിയിലായിരുന്നു അത്. പ്ലസ് ടു പരീക്ഷയുടെ സ്റ്റഡി ലീവ്. കെമിസ്ട്രി പ്രാക്ടിക്കൽ എക്സാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അജ്മൽ പൂമുഖത്തിരിക്കുന്നു. അവൻ ടിക് ടോക്കിൽ ഓരോന്ന് ചെയ്യുന്നത് ഞാനും കാണാറുണ്ടായിരുന്നു. അത് കണ്ട് കൂട്ടായ ഒരു പെൺകുട്ടിയുമായി പ്രേമത്തിലായതും എന്നോട് പറഞ്ഞിരുന്നു. വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കുമ്പോൾ അവനുമുണ്ടാകും. കളി കഴിഞ്ഞ് മൈതാനത്തിൻ്റെ അരികിലുള്ള വെയിറ്റിങ് ഷെഡ്ഡിലെ ഇലക്ട്രിക് പോസ്റ്റുകൾ പരത്തിയിട്ട ബെഞ്ചിലിരുന്ന് കാലി ചായയും കുടിച്ച് അവൻ്റെ കോപ്രായങ്ങളും കണ്ടിരിക്കുമ്പോഴാണ് ആയിഷയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത്.

 

ഒരിടം വരെ പോകാൻ എന്നെ വിളിക്കാൻ വന്നതായിരുന്നു അവൻ. പരപ്പനങ്ങാടിയിലേക്കാണ് ആ യാത്ര എന്ന് അറിയാമായിരുന്നു. അതങ്ങനെ അത്ര പെട്ടെന്നാവും എന്ന് ഞാൻ ചിന്തിച്ചില്ല. മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ യാത്രയിലുടനീളം അജ്മൽ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. കർമ്മ ബന്ധങ്ങളുടെ ഭാരം സംസാരത്തിനിടയിൽ അവൻ്റെ മണൽ ചുമന്ന് തഴമ്പിച്ച കനത്ത തോളുകളിൽ അമർന്നൊടുങ്ങി. നടക്കാൻ പോകുന്നതിനെ കുറിച്ചോർത്തുള്ള സംഭ്രമം മറച്ച് പിടിക്കാനുള്ള വ്യഗ്രതയിലും വാക്കുകളിൽ മുഴച്ച് നിന്ന വിഹ്വലത ഉദ്വേഗപൂർണമായ ആ നിമിഷങ്ങളെ അനന്തമാക്കി. എത്ര വലിയ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലും ശാന്തനായിരിക്കുന്ന എൻ്റെ പ്രകൃതം അവന് വലിയ ആശ്വാസമായിരുന്നു. പിന്നീടൊരിക്കൽ ആയിഷ എന്നോട് പറഞ്ഞതാണ് അത്. പരപ്പനങ്ങാടിയിൽ ഉപ്പയുടെ ഐസ് ഫാക്ടറിക്ക് മുന്നിൽ ആയിഷയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *