ആശുപത്രിയിൽ പോകുന്നതിനേക്കാൾ എനിക്ക് വീട്ടിൽ നിന്ന് മാറിനിൽക്കാനായിരുന്നു താല്പര്യം. അഞ്ജന പോകുമ്പോൾ എനിക്കവിടെ നിൽക്കാൻ ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. വെറുതെ നിന്ന് അവർ പോകുമ്പോൾ കൈ വീശി ടാറ്റാ കാണിക്കാൻ സൗകര്യമില്ല.. പ്രൈവറ്റ് ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞെങ്കിലും ധന്യയുടെ നിർബന്ധം കാരണം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോയത്. ചെന്നപ്പോൾ തിരക്കൊന്നും ഉണ്ടായിരുന്നില്ല പെട്ടെന്ന് ഡോക്ടറെ കണ്ടു മരുന്നു കുറിച്ചു കിട്ടി, അടുത്തുള്ള ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങി.
ഒന്ന് പുറത്തിറങ്ങിയത് കൊണ്ടായിരിക്കും ധന്യയുടെ പനി കുറഞ്ഞിട്ടുണ്ടായിരുന്നു. തിരിച്ചുവരുമ്പോൾ സ്കൂട്ടറിന് പിന്നിലിരുന്ന് എന്റെ ചെവിയോട് ചേർന്ന് അവൾ പറഞ്ഞു, മാഷേ, സനീഷ് പോലും എന്നെ ഇത്ര കെയർ ചെയ്തിട്ടില്ല, എന്നാലും അവനെ ഞാൻ ഇഷ്ടപ്പെട്ടു പോയി അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ മാഷിനെ പ്രേമിച്ചു പോയേനെ. ഞാൻ ചിരിച്ചു പോയെങ്കിലും ആയിക്കോട്ടെ എന്നൊരു ഗൗരവമുള്ള മറുപടി മാത്രം കൊടുത്തു. എന്തായാലും അവളെ വീട്ടിൽ ആക്കി പോക്കറ്റിലുള്ള മരുന്നും എടുത്തു കൊടുത്ത്, ഞാൻ തിരിച്ചു പോന്നു. കമല ചായ കുടിക്കാൻ നിർബന്ധം പിടിച്ചു എങ്കിലും നിന്നില്ല,
അഞ്ജനയും കുടുംബവും പോയിരിക്കണെ എന്നുള്ള ഒരു പ്രാർത്ഥനയും കൊണ്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നത്. ദൈവം ഇന്ന് എൻ്റെ കൂടെ ഇല്ലെന്ന് തോന്നുന്നു. ചെല്ലുമ്പോൾ ബാഗും സാധനങ്ങളും വണ്ടിയിലേക്കെടുത്തു വെക്കുന്നതേ ഉള്ളൂ… ഓ….. ഹരിയെ കാണാതെ പോകേണ്ടി വരുമോ എന്നു വിചാരിച്ചതായിരുന്നു… എന്തായാലും കാണാൻ പറ്റിയല്ലോ. അജ്ജനയുടെ അച്ചനാണ്…. അപ്പോ ഹരി ഇവർ വരുമ്പോൾ തന്നെ അവരുടെ കൂടെ കല്യാണത്തിന് വന്നേക്കണം… പോടാ പുല്ലേ എന്നു പറയാൻ തോന്നിയെങ്കിലും ശരി ആയിക്കോട്ടെ എന്നാണ് ശബ്ദം പുറത്തേക്കു വന്നത്.