കമലയാണ് രക്ഷകയായി അവതരിച്ചത്. എന്നെ ഒന്നു വീട്ടിൽ വിടാമോ മാഷേ, ധന്യ പനിച്ചു കിടക്കുകയാ. ഒന്നും കഴിച്ചട്ടുണ്ടാവില്ല. ഞാൻ സമ്മതം മൂളി സ്കൂട്ടറിൻ്റെ താക്കോലെടുക്കാൻ മുകളിലേക്കു പോന്നു. തുണി മാറി, ഒന്നു മുഖം കഴുകി താക്കോലും എടുത്ത് പുറത്തേക്ക് നടന്നു.
താഴേക്ക് ചെന്നപ്പോഴേക്കും കമല റെഡിയായി ഇരിക്കുന്നുണ്ട്. ആരോടും ഒന്നും പറയാതെ കമലയേയും കൂട്ടി സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പുറത്തേക്കിറങ്ങി. പതിയെ ആണ് ഓടിച്ചത്. ചെല്ലുമ്പോൾ ധന്യ ഒരു പുതപ്പും പുതച്ചു വീടിൻ്റെ ഉമ്മറത്തിരിക്കുന്നുണ്ട്. സ്കൂട്ടർ സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി, അവളോട് ഒന്ന് കുശലം ചോദിച്ചു, അവളെ കണ്ടിട്ട് മാസങ്ങളായിരുന്നു. പെണ്ണിനൽപം തടി വെച്ചിട്ടുണ്ടോ എന്നൊരു സംശയം. കൈയൊന്ന് നെറ്റിയിൽ വച്ച് നോക്കി, നല്ല പനിയുണ്ട്, ആശുപത്രിയിൽ പോയില്ലേ എന്ന് ചോദ്യത്തിന്, ഒരു നിഷേധ ഭാവത്തിൽ തലയാട്ടൽ മാത്രം ആയിരുന്നു മറുപടി.
ഇത്രയും പനി ഉണ്ടായിട്ടും ആശുപത്രിയിൽ പോകാതിരിക്കുന്നതുകൊണ്ട് എനിക്ക് ചെറുതായിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു. കമലേച്ചിയെ വിളിച്ച് ഞാൻ പറഞ്ഞു ചേച്ചി ഞാൻ ഇവളെ ആശുപത്രി കൊണ്ടുപോയിട്ട് വരാം, ചേച്ചി പറഞ്ഞു അതൊന്നും വേണ്ട മാഷേ ഒരു ചുക്കുകാപ്പി കുടിച്ചാൽ ശരിയായിക്കോളും. എനിക്ക് കുറച്ചു കൂടി ദേഷ്യം വന്നു. ഞാൻ കൊറച്ച് ഒച്ച എടുത്തു എന്ന് എനിക്ക് തോന്നി. ഞാൻ പറഞ്ഞു പെട്ടെന്ന് റെഡിയായിക്കേ… ഞാനിവളെ ആശുപത്രിയിൽ കൊണ്ടു പോവുകയാണ്. ധന്യയേ തള്ളി തുണി മാറാൻ അകത്തേക്കു വിട്ടിട്ട് ഞാൻ വെളിയിൽ വെയിറ്റ് ചെയ്തു.