എല്ലാവരും ഉണ്ടായിരുന്നു കഴിക്കാൻ, അഞ്ജനയെ ഇപ്പോഴാണ് കാണുന്നത്, സന്തോഷവതിയായി എല്ലാവരോടും ചിരിച്ചു സംസാരിച്ചുകൊണ്ട് അവൾ ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു. ഞാനും ഡൈനിങ് ടേബിളിൽ മൂലയ്ക്കിരുന്ന് എല്ലാവരോടും ഒപ്പം ഭക്ഷണം കഴിക്കാൻ തുടങ്ങി.. എല്ലാവരും കല്യാണത്തിന്റെ പ്ലാനിങ്ങുകൾ ഡിസ്കസ് ചെയ്യുകയായിരുന്നു. എവിടുന്ന് സ്വർണം എടുക്കണം എവിടുന്ന് ഡ്രസ്സ് എടുക്കണം എന്നൊക്കെ. ഞാൻ അവിടെ അധികപ്പറ്റായി എനിക്ക് തന്നെ തോന്നി. എങ്ങനെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു കൈകഴുകി പുറത്തേക്ക് നടന്നു.
ഞാൻ പുറത്തേക്ക് ഇരുന്നതിന് പിന്നാലെ അഞ്ജനയും ഊണുകഴിഞ്ഞ് പുറത്തേക്ക് വന്നു. ഹരിയേട്ടാ കല്യാണത്തിന് വരുമല്ലോ അല്ലേ, ചോദ്യം കേട്ട്. ഞാൻ ഞെട്ടിയോ എന്ന് എനിക്ക് തന്നെ സംശയം. രണ്ടുദിവസം മുമ്പ് വരെ എൻ്റെ കൂടെ ഒട്ടി നടന്ന എന്നോട് കരഞ്ഞു കാണിച്ചു പെണ്ണ് തന്നെയാണോ ഇതെന്ന് എനിക്ക് സംശയം തോന്നി. ഞാനൊന്നും മിണ്ടാതിരിക്കുന്നത് കണ്ടിട്ടായിരിക്കണം അഞ്ജന പിന്നെയും പറഞ്ഞു, എല്ലാവരും ഒരേ കളർ സിൽക്ക് ഷർട്ട് ഇടാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്, ഹരിയേട്ടന്റെ സൈസിലുള്ള ഷർട്ട് ഞങ്ങൾ വാങ്ങിക്കുന്നുണ്ട്. ഞാൻ വെറുതെ തലയാട്ടി. അപ്പോഴേക്കും ഭക്ഷണം കഴിഞ്ഞ് സോമൻ സാറും അളിയനും പുറത്തേക്ക് വന്നു, അഞ്ജന ഒന്ന് ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് നടക്കുകയും ചെയ്തു.
ഞാൻ ഏതാണ്ട് കിളി പോയ അവസ്ഥയായിരുന്നു. കൂടാതെ സോമൻ സാറിൻ്റെയും അളിയൻ്റെയും കത്തിവെപ്പും. മനസ്സു മരവിച്ചിരുന്നു. ഇതു തന്നെ സംഭവിക്കും എന്നറിയാമായിരുന്നിട്ടും ഒരു തയാറെടുപ്പുമെടുക്കാൻ സമയം കിട്ടാതെ യഥാസ്ഥിതി കൺമുന്നിൽ വന്നപ്പോഴുള്ള നിസഹായവസ്ഥ.