എന്താ കമലേച്ചി വിശേഷം, വിരുന്നുകാർ ഉണ്ടല്ലോ എന്നു ചോദിച്ചപ്പോൾ കമല ഒന്നു ചിരിച്ചിട്ടു മറുപടി തന്നു അവർ അഞ്ജനയേ കൂട്ടാൻ വന്നതാണ്. അവളെ ശല്യം ചെയ്തു കൊണ്ടിരുന്ന ഒരുത്തനില്ലേ.. അവൻ കഴിഞ്ഞ ദിവസം ഒരു ബൈക്ക് ആക്സിഡൻ്റിൽ ചത്തു പോയി. അതുകൊണ്ട് അഞ്ജനയെ കൂട്ടാൻ വന്നതാണ് അവർ. ഞാനൊന്നും മിണ്ടാൻ പോയില്ല ഒന്നു ചിരിച്ചിട്ട് പതിയെ ഭക്ഷണം കഴിച്ചു.
ഇടക്ക് നിർമല ചേച്ചി അടുക്കളയിലേക്കു വന്നു.. കണ്ണാ അഞ്ജന പോകുവാ ഇന്ന്, എൻ്റെ തലയിൽ ഒന്നു തലോടി സ്നേഹത്തോടെ മുഖത്തു നോക്കി ചേച്ചി പറഞ്ഞു. ഞാൻ തലയാട്ടി, കമല പറഞ്ഞു. എൻ്റെ തൊണ്ട ഒന്നിടറിയോ തന്നൊരു സംശയം… ചേച്ചി കവിളിൽ ഒന്നു തലോടി കമലക്ക് കേൾക്കാതിരിക്കാൻ പാകത്തിന് പറഞ്ഞു… സാരമില്ലടാ കണ്ണാ.. അവൾ നിനക്ക് വിധിച്ചിട്ടില്ലെന്നു കരുതിയാൽ മതി. ഞാൻ ഒന്നു ചിരിച്ചു കാണിച്ചിട്ട് പിന്നെയും പുട്ടും ചെറുപയർ ഉലർത്തിയതും പപ്പടവും കഴിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
കഴിച്ചിട്ട് ഉമ്മറത്തേക്കു ചെന്നപ്പോൾ പതിവുപോലെ സോമൻ സാറും അളിയനും കത്തി വെച്ചിരിക്കുന്നുണ്ട്… ഞാനൊന്ന് കുശലം പറഞ്ഞിട്ട് മുകളിലേക്ക് പോന്നു അഞ്ജനയെ അവിടെങ്ങും കണ്ടില്ല. ഒരു പുകയെടുത്തു, വായിച്ചു പകുതിയാക്കിയ ഒരു ബുക്കെടുത്ത് തുടർന്നു വായിക്കാൻ ശ്രമിച്ചു… എപ്പോഴോ ഉറങ്ങിപ്പോയി.
കമലയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഉറക്കാം ഞെട്ടിയത്, മാഷേ, ഊണ് കഴിക്കാൻ വായോ. ഇപ്പൊ വിശക്കുന്നില്ല അന്ന് പറഞ്ഞെങ്കിലും, അവരെല്ലാം താഴെ കാത്തിരിക്കുകയാണെന്നുള്ള കമലയുടെ മറുപടി കേട്ടപ്പോൾ എഴുന്നേറ്റു മുഖവും കഴുകി താഴേക്ക് നടന്നു.