പിന്നെ അച്ചൻ്റെ ഊഴമായിരുന്നു ഫോണിൽ.. ഒറ്റ കാര്യമേ പറഞ്ഞുള്ളൂ… അല്ലേലും അച്ചൻ നേരേ വാ നേരേ പോ പ്രകൃതമാണ്. നീയാണ് അതിനു കാരണമെങ്കിൽ അതിനു നീ തന്നെ പരിഹാരവും കാണണം.. പരിഹാരം നീ അവളെ കല്യാണം കഴിക്കുക എന്നുള്ളതാണ്. ഒരുപാട് നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല.. ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് വരുന്നു… ചെറിയ ഒരു നിശ്ചയം നടത്താം.. ഒരാഴ്ചക്കുള്ളിൽ കിട്ടുന്ന മുഹൂർത്തത്തിൽ നമ്മുടെ അമ്പലത്തിൽ കല്യാണം. എൻ്റെ മറുപടിക്ക് അച്ചൻ കാത്തു നിന്നില്ല, ഫോൺ അമ്മക്ക് കൊടുത്തു..
അമ്മയുടെ കരച്ചിൽ ഒക്കെ തീർന്നിരുന്നു.. എനിക്കൊരടി വരുമ്പോ തരുന്നുണ്ട് എന്നാണ് അമ്മ പറഞ്ഞത് അത് കിട്ടും എന്നെനിക്കുറപ്പുമായിരുന്നു. എന്തായാലും എല്ലാവരുടേയും സമ്മതവും വാങ്ങിയാണ് ഫോൺ വെച്ചത്… ഞായറാഴ്ച പത്തു മണിയോടെ അവരെത്തിക്കൊള്ളാം എന്നും തീരുമാനിച്ചു…
ആകെ വിയർത്തു കുളിച്ചിരുന്നെങ്കിലും മനസ്സിന് ഒരു സമാധാനമുണ്ടായിരുന്നു. ഒരു ഔദാര്യമല്ല എനിക്കവളെ ഇഷ്ടമായിട്ടാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത് എൻ്റെ മനസ്സിന് നല്ല ഉറപ്പുമായിരുന്നു.. അടിച്ചതിൻ്റെ കെട്ട് ഇറങ്ങിയിരിക്കുന്നു രാജേഷിനേയും കൂട്ടി വീണ്ടും ബാറിലേക്കാണ് പോയത്.. എൻ്റെ മുഖത്തെ ശാന്തത കണ്ടായിരിക്കണം അവനും ഒന്നു നോർമലാകാൻ തുടങ്ങിയിരുന്നു പോയി ഓരോ നിൽപ്പൻ കൂടി അടിച്ചിട്ട് വീട്ടിലേക്ക്
വീട്ടിൽ എത്തിയപ്പോൾ കമലയുടെ അച്ചനും സോമൻ സാറും സിറ്റ് ഔട്ടിൽ ഇരിക്കുന്നുണ്ട്… സ്കൂട്ടറിൻ്റെ ശബ്ദം കേട്ടതും നിർമല ചേച്ചിയും കമലയും പുറത്തേക്കിറങ്ങി വന്നു. സ്കൂട്ടർ ഒതുക്കി ഞാനും രാജേഷും അകത്തേക്ക് കയറി… ഞങ്ങൾ പോയ കാര്യമെന്തായി എന്നറിയാഞ്ഞിട്ട് എല്ലാവർക്കും ഒരു പരവേശമുണ്ടെന്ന് തോന്നി. മുഖങ്ങളിൽ ഒരു പ്രത്യാശയും.. ധന്യ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നുണ്ട.. എന്നെ ഒന്നു നോക്കി, അവൾക്ക് ഞങ്ങൾ പോയ കാര്യം നടന്നു കാണില്ല എന്നറുപ്പുള്ളത് കൊണ്ട് നിരാശാഭാവം മാത്രമേ അവളുടെ മുഖത്ത് ഉണ്ടായിരുന്നുള്ളൂ…