അഞ്ജനയെ മറന്നുകളയാനും ഒരു സുഹൃത്തെന്നപ്പോലെ തന്നെ കാണാനുമുള്ള തീരുമാനമെടുത്തിട്ടാണ് രാവിലെ കട്ടിലിൽ നിന്നെഴുന്നേറ്റത്. ഒന്നു കുളിച്ച് റെഡിയായി താഴേക്കിറങ്ങി. നിർമല ചേച്ചിയാണ് ബ്രേക്ക് ഫാസ്റ്റ് വിളമ്പിയത്. ദോശയും സാമ്പാറും തേങ്ങാ ചമ്മന്തിയും വയറു നിറയെ കഴിച്ച് എഴുന്നേറ്റു. കൈകഴുകി പുറത്തിറങ്ങിയപ്പോൾ അഞ്ജന പുറത്തെ കസേരയിലിരുന്ന് പത്രം വായിക്കുന്നുണ്ട്. ഒന്നു ചിരിച്ചു കാട്ടി ഒന്നും മിണ്ടാൻ നോക്കാതെ സ്കൂട്ടറുമെടുത്ത് സ്കൂളിലേക്ക് പോന്നു.
ചെന്നപ്പോൾ വസുമതി ടീച്ചറും വനജയും സ്റ്റാഫ്റൂമിൽ ഉണ്ടായിരുന്നു. രണ്ടു പേർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് ഞാൻ എൻ്റെ പണിയിൽ മുഴുകി. രാവിലെ മുതൽ ഉച്ചവരെ ഓരോ ക്ലാസ്സ് ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് അബ്ദുള്ള മാഷിനൊപ്പം ഒരു നടത്തവും പുകയെടുപ്പും.. ഉച്ച കഴിഞ്ഞ് കുറച്ചു ഫ്രീ ആയിരുന്നെങ്കിലും സ്റ്റാഫ്റൂമിൽ തന്നെ ചടഞ്ഞു കൂടി. അടുത്ത മൂന്നു നാലു ദിവസം വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ കടന്നു പോയി. ഞാൻ ഒരു ദിവസതാളത്തിലേക്കു വന്നിരിക്കുന്നു.
ശനിയാഴ്ച വൈകിയാണ് എഴുന്നേറ്റത്. വിശന്നിട്ടു കുടൽ കരിയുന്നു.. പല്ലുവിളക്കി താഴേക്ക് ചെന്നു, മുറ്റത്തൊരു വണ്ടി കിടക്കുന്നു, ആരോക്കെയോ വന്നിട്ടുണ്ട് നോക്കിയപ്പോൾ നിർമല ചേച്ചിയുടെ ആങ്ങളയും കുടുംബവുമാണ്, അഞ്ജനയുടെ മാതാപിതാക്കളും പിന്നെ അനിയനും. എന്തൊക്കെയോ ബഹളം. ഞാൻ അടുക്കളയിലേക്കു കയറി. കമല തക്രുതിയായിട്ടു ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. എന്നെ കണ്ടതും ഹാ മാഷെഴുന്നേറ്റോ.. ഇരിക്ക്, ഭക്ഷണം തരാം എന്നു പറഞ്ഞ് എനിക്കുള്ള ബ്രേക്ക് ഫാസ്റ്റ് വിളമ്പിത്തന്നു.