അവൻ ഓരോരുത്തരേയും കൊണ്ട് സമ്മതമാണ് എന്ന് പറയിച്ചു… ഇറങ്ങും മുമ്പ് ഒരു ഭീഷണിയും, ഇനി വാക്കെങ്ങാനും മാറ്റിയാ… ഇതിലും മോശമായിരിക്കും എൻ്റെ അടുത്ത വരവിങ്ങോട്ട്, ആരും ഒന്നും പറയാൻ പോയില്ല…. അവരിറങ്ങിപ്പോയി. ഞങ്ങൾക്ക് പരസ്പരം നോക്കി കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു…
സനീഷ് പറഞ്ഞു നിർത്തി, ഇതാണ് സുഹൃത്തേ എൻ്റെ അവസ്ഥ. ബിജുവിനോട് എതിരു പറയാനും മുട്ടാനും എനിക്ക് പറ്റില്ല… ഒറ്റക്ക് ചാകാനാണെങ്കിലും കുഴപ്പമില്ലായിരുന്നു. പക്ഷേ ബിജു പറഞ്ഞത് ചെയ്യും, എൻ്റെ വീട്ടുകാരെ കൊലക്ക് കൊടുക്കാൻ വയ്യാ, ധന്യക്ക് ഞാൻ പറഞ്ഞത് മനസ്സിലുണ്ടായിട്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടാ പിരിഞ്ഞത്… സനീഷ് പറഞ്ഞു നിർത്തിയപ്പോഴേക്കും കരഞ്ഞു പോയിരുന്നു…
ഞാൻ ഈ ബിജുവിനെ കുറിച്ചൊന്നും കേട്ടിട്ടില്ലായിരുന്നു, ഞാൻ രാജേഷിനെ നോക്കി, ഉള്ളതാണോ ഈ ബിജു രാജേഷേ… ഹാ മാഷേ അവനിട്ടു മുട്ടാൻ ഈ ടൗണിൽ ആളില്ല, രാജേഷിൻ്റെ മുഖത്തും ഒരു ഭയം ഉറവിടുന്നത് എനിക്ക് കാണാമായിരുന്നു.
ഇനിയെന്ത് എന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ആകെ ഈമ്പിത്തെറ്റി നിൽക്കുന്ന സനീഷിനോട് ധന്യ ഗർഭവതിയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടെന്ന് തോന്നിയില്ല… ഇനി അതെങ്ങാനും ബിജുവോ മറ്റോ അറിഞ്ഞാൽ ചിലപ്പോൾ അവൻ ഇവരുടെ വീട്ടിൽ വന്ന് എന്തെങ്കിലും പ്രശ്മമുണ്ടാക്കാനും മതി… നാട്ടുകാരറിയും, ധന്യക്കു പിന്നെ തലയുയർത്തി നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല… പക്ഷേ ഒരു വഴിയുണ്ടാക്കിയേ പറ്റൂ… ധന്യക്ക് സനീഷിൻ്റെ അവസ്ഥ അറിയാമെങ്കിൽ തനിക്കു മുമ്പിൽ വേറേ ഒരു വഴിയുമില്ല എന്നുള്ളതും അവൾക്കറിയാം. വല്ല കടും കൈയും കാണിക്കാനും മതി… തല പെരുക്കുന്നു…