നിർമല ചേച്ചി എന്നെ മാറ്റി നിർത്തി കാര്യം പറഞ്ഞു, കണ്ണാ.. ധന്യയില്ലേ.. അവക്കൊരു അടുപ്പമുള്ള കാര്യം നിനക്കറിയുമോ, ഞാൻ ഉവ്വെന്ന് തലയാട്ടി, ആ ചെറുക്കൻ വേറെ കല്യാണം കഴിക്കുന്നെന്ന്.. ഞാൻ ഞെട്ടി… ധന്യക്കും അവനും മുടിഞ്ഞ പ്രേമമെന്നാണ് ഞാൻ കരുതിയിരുന്നത്. അതിനെന്താ അവക്കു വേറെ ചെക്കനെ കിട്ടില്ലേ.. ഞാൻ എൻ്റെ മനസ്സിൽ വന്നത് ചോദിച്ചു. അതല്ല കണ്ണാ, അങ്ങിനെയാ അവർ തീരുമാനിച്ചിരുന്നേ. ഒരു മാസം മുമ്പ് അവർ പിരിയുകയും ചെയ്തതാ, അവൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞയാഴ്ച ആയിരുന്നു… പിന്നെ ഇപ്പോളെന്താ കുഴപ്പം….. എൻ്റെ സംശയം ചോദ്യരൂപത്തിൽ പുറത്തെത്തി. ഈ കാര്യമൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്നതിശയവും തോന്നി.
അപ്പോഴാണ് ചേച്ചി അടുത്ത വെടി പൊട്ടിച്ചത്… കണ്ണാ അവൾക്കു വയറ്റിലുണ്ട്…. ഇത്തവണ ശരിക്കും ഞെട്ടി, എന്തു പറയണം എന്നു ഒരു നിശ്ചയം വന്നില്ല…
ഞാൻ രാജേഷിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.. നിങ്ങൾ സനീഷിനോട് സംസാരിച്ചോ… ഇല്ല മാഷേ… ഇതിങ്ങനെ ഒക്കെ ആണെന്ന് ഇന്നാണ് അറിഞ്ഞത്.. എന്താ ചെയ്യണ്ടതെന്ന് ഒരു രൂപവും കിട്ടാത്തതു കൊണ്ടാണ് ഇങ്ങോട്ടു വന്നേ… അവനിപ്പോൾ കരയുമെന്ന് തോന്നി…
ഞാൻ സോമൻ സാറിനെയും നിർമല ചേച്ചിയേയും ഒന്നിച്ചു മാറ്റി നിർത്തി പറഞ്ഞു, ഞാൻ രാജേഷിനെയും കൂട്ടി അവനെ ഒന്നു കണ്ടു സംസാരിക്കാം. സോമൻ സാറും കൂടെ വരാമെന്നേറ്റെങ്കിലും ഞാൻ തടഞ്ഞു.. ഇതു നടന്നില്ലെങ്കിൽ സാറ് നാളെ അവൻ്റെ വീട്ടിലൊന്നു പോയാൽ മതി, ഇപ്പോ ഞങ്ങൾ ഒന്നു പോയി നോക്കി വരാം.