മുറി തുറന്നപ്പോൾ, അശ്വതിയുടെ പേടമാൻ മിഴികൾ പേടിയോടെ മാധവന്റെ മുഖത്തലയുകയായിരുന്നു. താൻ തല്ലിയതിന്റെ ദേഷ്യത്തിൽ ഇന്നലെ നടന്ന സംഭവത്തിന്റെ എന്തെങ്കിലും കാര്യം അയാൾ പ്രസാദേട്ടന്റെ മുന്നിൽ വച്ച് സംസാരിക്കുമോയെന്നാണ് ഭയം.
ഒന്നും ചോദിക്കാതെ മാധവൻ അൽപം ഗൗരവത്തോടെ മുന്നോട്ട് നടക്കാനാഞ്ഞപ്പോൾ അവളൊതുങ്ങി കൊടുക്കേണ്ടി വന്നു.
മാധവൻ പ്രസാദിനെ നോക്കിയില്ല. ടേബിളിൽ എടുത്തു വച്ചിരുന്ന ചീട്ടുമെടുത്ത് ഒന്നും പറയാതെ പുറത്തേക്കിറങ്ങി. കാറ് പോകുന്ന ശബ്ദം കേട്ടപ്പോഴാണ് അശ്വതിയൊരു നെടുവീർപ്പിട്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അറിയാതെ സംഭവിച്ചു പോയതാണ് ആ ചെകിട്ടത്തടി. അയാൾക്കൊന്ന് കിട്ടേണ്ടത് തന്നെയായിരുന്നു. പക്ഷെ അതിന് ശേഷം ഒരു വല്ലായ്മ തോന്നുന്നുണ്ട്.
റൂമിൽ വന്നിട്ടും മാധവേട്ടൻ തന്നോടൊന്നും മിണ്ടാതെ പോയതിൽ പ്രസാദിന് വിഷമം തോന്നി. കൂടാതെ അശ്വതിയുടെ മുഖത്തെ വെപ്രാളവും പരുങ്ങലും എല്ലാം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണമറിയാൻ ഒരാശങ്ക.
“അച്ചൂ..”
“ആ..”
അവളവന് നേരെ തിരിഞ്ഞിരുന്നു.
“എന്തു പറ്റി..? ആകെ വല്ലാതെ..?”
“ഏയ്.. ഒന്നുമില്ല..”
അവളല്പം ഞെട്ടി, വ്യഗ്രത പുറത്തു കാണിക്കാതെ പറഞ്ഞൊപ്പിച്ചു.
“മാധവട്ടനെന്താ പറഞ്ഞേ..?”
“എന്ത്..? എപ്പോ..?”
“നേരത്തെ നിങ്ങൾ കണ്ടില്ലേ..”
“ഇല്ല..”
“മ്മ്.. മാധവട്ടന്റെ മുഖത്ത് എന്തോ ദേഷ്യം പോലെ തോന്നുന്നു.. ഒന്നും മിണ്ടിയുമില്ലല്ലോ..”
“അത്.. എന്തെങ്കിലും കാരണം ഉണ്ടാകും. അതൊന്നും ഏട്ടൻ ആലോചിക്കേണ്ട..”