തിരിച്ചു കയറുമ്പോൾ ഒരു നിമിഷം മാധവനെ ഓർമ വന്നു. രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല. അത് തനിക്കൊരു ആശ്വാസമാണോ അല്ലയോ എന്നവൾക്ക് പിടി കിട്ടിയില്ല.
യൂണിഫോം പെട്ടെന്ന് കിട്ടിയിരുന്നെങ്കിൽ നന്നായേനെ. കാരണം ചിന്നുമോൾക്ക് കൂടുതൽ ഡ്രെസ്സൊന്നുമില്ല. ആകെയുള്ളത്, അതും മാധവൻ വാങ്ങി തന്ന രണ്ട് ഉടുപ്പുകൾ.
അതുടുപ്പിച്ച് മോളെ സ്കൂളിലേക്കയക്കുമ്പോൾ മാധവനോട് കൂടുതൽ കടപ്പെടുന്നത് പോലെയവൾക്ക് തോന്നി. മാത്രമല്ല കിട്ടാൻ പോകുന്ന യൂണിഫോമും അയാളുടെ ചിലവ് തന്നെ..!
ഒരന്യ പുരുഷന്റെ സഹായത്തിനു മുന്നിൽ ഇത്രമാത്രം നിസ്സഹായയാവേണ്ടി വരുന്ന അവസ്ഥ എത്റ കഠിനമാണ്. ഭർത്താവും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. ചിന്നുമോളുടെ കാര്യത്തിലാണ് താൻ അടിയറവ് പറയേണ്ടി വരുന്നത്. പക്ഷെ ഒന്നുമറിയാത്ത ന്റെ മോളെന്തു പിഴച്ചു..!
ഏർപ്പാടാക്കിയ സ്കൂൾ ബസിന്റെ ഹോണടി വീട്ടുമുന്നിൽ നിന്നും കേട്ടപ്പോൾ അശ്വതി വേഗം ചിന്നുവിനെ കൂട്ടി താഴേക്ക് വന്നിരുന്നു.
ബസ് ഡ്രൈവർ അൻവർ. സംസാരത്തിലും ചിരിയിലും മാന്യത ഉണ്ടായാൾക്ക്. മാധവന്റെ വീട്ടിൽ താമസിക്കുന്നതിന്റെയാവണം.
ഒരേ സ്കൂളിലേക്ക് പോകുന്ന ചിന്നുമോളുടെ പ്രായത്തിലുള്ള കുട്ടികൾ. അവരിലൊരാളായി തന്റെ മോളും സ്കൂളിലേക്ക് പോകുന്നത് സന്തോഷത്തോടെ അവൾ കണ്ടു നിന്നു.
സമയം നീങ്ങി, പകലുകൾ രാത്രികളാവുമ്പോൾ അശ്വതിയുടെ മനസ്സിൽ പ്രസാദിനെ കുറിച്ചോർത്തുള്ള സങ്കടവും ഉത്കണ്ഠയും അനുപ്രതി കൂടുകയാണ് മദ്യപാനം പതിവായ ജീവിത ശൈലിയാകുമോ എന്നുള്ള പേടിയിൽ.