ശരീരത്തിലേക്ക് വീഴുന്ന തണുത്ത വെള്ളം മനസ്സിന്റെ പൊള്ളൽ അണക്കുന്നില്ല.
വൃത്തികെട്ടവൻ..!
അയാളുടെ ആശകളും ഉദ്ദേശങ്ങളും കൃത്യമായി അറിയാമെങ്കിലും ഈയൊരാവസ്ഥയിൽ അവസരം പോലെ മുതലാക്കാൻ ശ്രമിക്കുന്നത് അവൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. പക്ഷെ ചിന്തിച്ചിട്ടുണ്ട് അയാൾ എപ്പഴെങ്കിലും തന്നോട് ഇതുപോലെ പ്രവർത്തിക്കുമെന്ന്. പക്ഷെ അപ്പോഴൊക്കെ ധൈര്യമായി ഭർത്താവ് ഉണ്ടാവുമല്ലോ എന്നൊരു ആശ്വാസമായിരുന്നു. പക്ഷെ പ്രസാദ് വീണ്ടും കുടി തുടങ്ങി ജീവിതം വഷളായി കൊണ്ടിരുന്നപ്പോൾ എല്ലാം കൈവിട്ടു തുടങ്ങി.
ഇപ്പോഴൊന്നങ്ങാൻ പറ്റാതെ കട്ടിൽ കിടക്കുകയാണ് തന്നെ പ്രേമിച്ചു താലി കെട്ടിയ ഭർത്താവ്. അത് കൊണ്ട് മാധവനു മുൻപിൽ കുറച്ചൊക്കെ അടങ്ങാം എന്ന് കരുതിയിടത്താണ് ഒടുക്കത്തെ കാമഭ്രാന്തും കൊണ്ടു വന്നിരിക്കുന്നത്. വൃത്തികെട്ടവൻ.
അവൾക്ക് അരിശം അടക്കാനായില്ല. മനസ്സിലെ ചുട്ടു പഴുക്കുന്ന ചിന്തകളിൽ നിന്ന് രക്ഷയുമില്ല.
ഉച്ച നേരത്താണ് അവൾക്ക് പ്രസാദിനും ചിന്നുമോൾക്കും നല്ല ഭക്ഷണം കൊടുക്കാൻ കഴിഞ്ഞത്. രാവിലെ നേരാവണ്ണം ഒന്ന് കഴിക്കാൻ കിട്ടാതെ വിശന്നു വലഞ്ഞിരുന്നു എല്ലാവരും.
അവൾ ഭക്ഷണവുമായി മുറിയിലേക്ക് വന്നു. പ്രസാദ് പരിഭവം പറഞ്ഞിരുന്നില്ല. അവന്റെ മുന്നിൽ കാര്യങ്ങൾ വിട്ടുകൊടുക്കാനും അവൾ തീരുമാനിച്ചിരുന്നില്ല.
അയാൾക്കിന്നലെ കേറിപ്പിടക്കാൻ ധൈര്യം കിട്ടിയെങ്കിൽ നാളയത് പലതിലേക്കും നീളും. മാധവന് തന്നോടുള്ള ആഗ്രഹം ഏട്ടനെ അറിയിക്കുക തന്നെയാണ് വേണ്ടത്. മുൻപും പലയാളുകളും തന്നെ ഇതുപോലെ സമീപിച്ചിട്ടും ഏട്ടനത് മനസിലാക്കിയിട്ടില്ല.