“പ്ലീസ്.. നീയെന്നെ കുറ്റപ്പെടുത്തല്ലേ..”
“പെടുത്തും.. ഏട്ടനത് കൂടെ സഹിക്കണം. ഈ അവസ്ഥ ഞാൻ ഉണ്ടാക്കിയതല്ല.. ആവുന്നത് പോലെ ഞാൻ എല്ലാം പറഞ്ഞതാണ്. ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല..”
“നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ..?”
“ഞാൻ പിന്നെന്താ വേണ്ടേ..? അതൂടെ പറഞ്ഞു താ..”
ഒന്നും മിണ്ടാനാവാതെ കിടക്കുന്ന പ്രസാദിന്റെ അരികിലായി അവളിരുന്നു.
“സങ്കടപ്പെടുത്താൻ പറഞ്ഞതല്ല.. എന്റെ സങ്കടം കൊണ്ട് പറഞ്ഞതാണ്. ഈയൊരു സാഹചര്യം നമ്മളെ അയാളുടെ അടിമകളാക്കി മാറ്റിയത് പോലെ തോന്നുന്നു.”
“എടി അതിന്..”
പ്രസാദ് എന്തോ പറയാൻ തുടങ്ങുന്ന സമയം മാധവൻ റൂമിലേക്ക് വന്നു. ഡിസ്ചാർജ് ചെയ്ത കടലാസുകളുമായി. അശ്വതിയും പ്രസാദും മാധവനെ നോക്കി.
“ആഹ.. പ്രസാദ് ഉഷാറായാല്ലോ..”
അയാൾ അടുത്തേക്ക് വന്നു.
“കണ്ടോ അശ്വതി. അവനിപ്പോ ഒരു കുഴപ്പവുമില്ല. ഹാപ്പി ആയില്ലേ നീ..?”
അവൾ ദയനീയമായി ചിരിക്കാൻ ശ്രമിച്ചു.
“എങ്കി പിന്നെ നമുക്ക് പോകാം. ബില്ല് എല്ലാം ഞാൻ ക്ലോസ് ചെയ്തിട്ടുണ്ട്. ഇനി അടുത്ത മാസമേ വരേണ്ടു.”
അയാൾ പ്രസാദിനെ നോക്കി പറഞ്ഞു. അവനും എന്ത് പറയണമെന്ന് കിട്ടിയില്ല. അയാളുടെ മര്യാദ നിറഞ്ഞ പെരുമാറ്റത്തിൽ അവൻ ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.
കാറിന്റെ പിൻ സീറ്റിൽ പ്രസാദിനെ ശ്രദ്ധയോടെ ചാരിയിരുത്തി അശ്വതിയും കയറി. ഇളയ കൊച്ചിനെ അവളുടെ കൈകളിലേക്ക് നൽകി ചിന്നുമോളെ കൂട്ടി മാധവൻ മുൻ സീറ്റിൽ കയറി.
വീട്ടിലേക്കുള്ള യാത്ര.
വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അശ്വതിയെ നോക്കുകയാണ് പ്രസാദ്. കഴിഞ്ഞു പോയ കാര്യങ്ങളൊക്കെ അവന്റെ മനസ്സിൽ മുള്ളുകൾ പോലെ വന്ന് തറച്ചു. അവളെയും മക്കളെയും അവഗണിച്ച നാളുകൾ, കുടിച്ച് ചൂതാടി നടന്ന നാളുകൾ. മോളെ ഒന്ന് സ്കൂളിൽ പോലും ചേർക്കാൻ താനുണ്ടായില്ല. ഓർക്കും തോറും അവന്റെ കണ്ണുകളിൽ വെള്ളം പൊടിഞ്ഞിരുന്നു.