പക്ഷെ ഇങ്ങനെ പോയാൽ ജീവിതം എവിടെയെത്തും..??
മനസ്സിൽ ആകുലതകൾ നിറയുന്നെങ്കിലും പ്രസാദ് കുടിച്ചു വന്നതിൽ ആദ്യമായാണ് അവൾക്ക് സങ്കടം വരാതിരുന്നത്. ഇനിയുള്ള നാളുകളിൽ എന്താണ് വരാനിരിക്കുന്നതെന്ന് പേടിയോടെ ഓർത്തുപോയി.
ഉറക്കം കിട്ടാതെ പാതിരാത്രി റൂമിനു വെളിയിലേക്ക് ഇറങ്ങി വന്നപ്പോൾ പ്രസാദ് അവിടെ തറയിൽ തന്നെ കിടന്നുറങ്ങുന്നത് കണ്ടു.
ഭർത്താവുണ്ടായിട്ടും ഒറ്റക്കാവേണ്ടി വരുന്ന ഭാര്യയുടെ അവസ്ഥ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. പ്രണയ നാളുകളെ കുറിച്ചോർക്കുമ്പോൾ തന്നെ അത്രയേറെ സ്നേഹിച്ച പ്രസാദേട്ടനാണോ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ കുടിച്ച് വന്ന് ബോധമില്ലാതെ ഉറങ്ങുന്നത്. ഇതായിരുന്നോ പ്രസാദേട്ടനുമായി സ്വപ്നം കണ്ട ജീവിതം..?
മാധവൻ തന്നോട് ഇടപെഴുകുന്നതും സഹായങ്ങൾ ചെയ്ത് തരുന്നതിനെ കുറിച്ചും ഏട്ടന് ബോധമുണ്ടോ.? അയാളുടെ ഉദ്ദേശങ്ങൾ അറിയുന്നുണ്ടോ.. ഏട്ടൻ ഇങ്ങനെയല്ലെങ്കിൽ തന്നോട് ഇഷ്ടമുള്ള കാര്യം പറഞ്ഞു വെക്കാൻ അയാൾക്ക് ധൈര്യം വരുമോ..?
നിറഞ്ഞ കണ്ണുകളോടെ അവൾ തറയിൽ കിടന്നുറുങ്ങുന്ന പ്രസാദിനെ നോക്കി.
ഈശ്വരാ.. എത്രയും പെട്ടെന്ന് ഏട്ടനെ നല്ല രീതിയിൽ നയിച് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് അറുതി വരുത്തണേ..
പിറ്റേ ദിവസം രാവിലെ,
പ്രസാദേട്ടൻ മോളുടെ കാര്യമെങ്കിലും അന്വേഷിക്കണേ എന്നവൾ അതിയായി ആഗ്രഹിച്ചു.
ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങുന്നത് കണ്ട് അശ്വതി അവനെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
“പ്രസാദേട്ട.. ഒന്ന് നിന്നെ..”
“മ്മ്..?”
അവൻ ചോദ്യഭാവത്തിൽ മൂളി.