അശ്വതി അറിയാതെ തന്നെ അവളുടെ ചിന്തകൾ സ്ഥിരത കിട്ടാതെ വഴുതികളിക്കുകയാണ്. ഉഴലുന്ന മനസ്സുമായി അവൾ മെല്ലെ പുറത്തേക്കിറങ്ങി. മാധവൻ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്ന് ചിന്തിച്ച അശ്വതിക്ക് തെറ്റി. റൂമിലെ ലൈറ്റ് അണച്ച് മാധവൻ പുറം തിരിഞ്ഞു കിടന്നിട്ടുണ്ടായിരുന്നു. ബാത്‌റൂമിലെ വെട്ടം നേർത്തതായി റൂമിലേക്ക് കിട്ടുന്നുണ്ട്. അശ്വതിക്ക് അവിശ്വസനീയമായിരുന്നു ആ നിമിഷം. ഓരോ തവണയും എന്തെന്ന് പിടികിട്ടാത്ത മാധവന്റെ നീക്കങ്ങൾ.
അവൾ വേഗം ബാത്‌റൂമിലെ ലൈറ്റ് അണച്ചു. റൂമിലെ വെളിച്ചം വീണ്ടും മങ്ങി. ആ നീക്കങ്ങൾ മാധവനറിയുന്നുണ്ട്.
“കിടന്നോളു അശ്വതി.. നാളെ രാവിലെ എഴുന്നേൽക്കേണ്ടി വരും..”
മുറിയിലെ നിശബ്ദതയിൽ മാധവന്റെ ഗാംഭീര്യ ശബ്ദം..! ഞെട്ടിയത് കൊണ്ട് അവൾക്കൊന്നും പറയാനായില്ല. വേറൊന്നും അയാൾ പറഞ്ഞുമില്ല.
അശ്വതി വേഗം മക്കളുടെ അടുത്ത് വന്ന് കിടന്നു, നേരിയ വെട്ടത്തിൽ കാണുന്ന പുറം തിരിഞ്ഞു കിടന്ന മാധവനെ നോക്കിക്കൊണ്ട്. മാന്യനാണോ തന്ത്ര ശാലിയാണോ അയാളുടെ മനസ്സിലെന്താണെന്നോ അറിയാതെ അവൾ കുഴങ്ങി. ഒരു വേള മാധവൻ നന്നായിപ്പോയോ എന്ന് ചിന്തിച്ചു. അയാളിപ്പോ ചെയ്ത് തരുന്നതൊക്കെ വളരെ വലിയ സഹായങ്ങളാണ്. ഈ ജീവിതത്തിൽ തിരിച്ചു വീട്ടനാവാത്തവ. ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായ തന്റെ ചാരിത്ര്യം കവർന്നെടുക്കുമോ എന്നുള്ള പേടിയാണ് അയാളോട് അടുക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നത് . പക്ഷെ അതും അയാൾ തന്നെ എന്നിൽ ഉണ്ടാക്കിയതല്ലേ..
പലതരം ചിന്തകൾ വേലിയേറ്റം നടത്തിയ വേളയിൽ മാധവനോടുള്ള മനസ്സിലെ വിദ്വേഷങ്ങൾ അലിയുന്നതിൽ അവൾക്ക് സ്വയം ആശങ്ക തോന്നി. ഉറക്കം പോലും കിട്ടാത്ത അവസ്ഥ.