ചില വാക്കുകൾക്ക് അത്രമേൽ ശക്തിയുണ്ട്. അത് പറയുന്ന ആളാണെങ്കിൽ ഈ ഹോസ്പിറ്റൽ വാങ്ങാൻ പോലും കഴിവുള്ള വ്യക്തിയും. പതറിപ്പോയ മനസ്സിൽ നിന്നും അവൾ പതിയെ കര കയറാൻ തുടങ്ങി. മാധവന്റെ പുറകെ ചിന്നുമോളെയും കൂട്ടി നടന്നു. മൂന്നാമത്തെ നിലയിലെ റൂമിലെത്തി. പേഷ്യന്റ്സ് കുറവായത് കൊണ്ട് റൂമികളെല്ലാം അധികവും കാലിയാണ്. അശ്വതി ഉള്ളത് കൊണ്ട് എസിയുള്ള റൂം തന്നെയാണ് മാധവൻ എടുത്തത്.
“അശ്വതി, വേണേൽ ഒന്ന് ഫ്രഷായിക്കോ. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”
“എവിടെ..?”
അവൾ മുരടനക്കി ചോദിച്ചു.
“താഴെ.., നിനക്ക് എന്തെങ്കിലും വാങ്ങണോ..?”
“വേണ്ട..”
“വേഷം മാറാൻ എന്തെങ്കിലുമുണ്ടോ..?”
“സാരമില്ല..”
“മടിക്കേണ്ട.. എന്തെങ്കിലും വേണെങ്കിൽ കൊണ്ടുത്തരാൻ ഞാനേ ഉള്ളു..”
മാധവന്റെ ആധിപത്യം ഉയർത്തുന്ന സംസാരം.
“ഒന്നും വേണ്ട..”
പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് അവൾ കണ്ണുകൾ താഴ്ത്തി.
“മ്മ്..”
മാധവൻ മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി.
“വാതിൽ അടച്ചോളൂ.. ഞാൻ വന്നാൽ തുറന്നാൽ മതി.”
മാധവൻ നടന്നു കഴിഞ്ഞതും അവൾ വാതിലടച്ച് ലോക്ക് ചെയ്തു. അവരെ അവിടെയാക്കി അയാൾ വേറെ എവിടെയെങ്കിലും കിടക്കുമെന്നാണ് അശ്വതി കരുതിയിരുന്നത്. തിരിച്ചു വരുമെന്ന് പറഞ്ഞപ്പോൾ വീണ്ടും ഒരല്പം ആശങ്ക തോന്നി. മറുത്തൊന്നും പറയാനും കഴിയില്ല. ഇവിടെ കിടക്കാനൊരിടം കിട്ടിയതും അയാൾ കാരണം തന്നെ.
മാധവന്റെ മര്യാദ നിറഞ്ഞ പെരുമാറ്റമാണ് ഇപ്പോഴൊരു പേടി. ഏതെങ്കിലും നിമിഷത്തിൽ മാറിയാൽ തനിക്ക് എതിർക്കാനാവുമോ എന്നൊരു നിശ്ചയമില്ല ഇപ്പൊ. ഒരു ധൈര്യമില്ലായ്‌മ..!