“നാളെയെ സർജറി ഉണ്ടാകു.. നീ പേടിക്കേണ്ട. നമുക്കിവിടെ റൂം എടുക്കാം. നാളെ അവനെ വാർഡിലേക്ക് മാറ്റുന്നതിലും നല്ലത് റൂമാണ്.”
അശ്വതി ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ ഒന്നും മിണ്ടാനുമാവില്ല. പക്ഷെ റൂമെടുത്താൽ ഒപ്പം മാധവനുമുണ്ടാവില്ലേയെന്ന ശങ്കയാണ് മനസ്സിൽ. കാരണം അയാളുടെ സ്വഭാവം അറിയുന്നതിന്റെ പേടി തന്നെ.
അശ്വതിയെയും കൊച്ചുങ്ങളെയും അവിടെയിരുത്തി മാധവൻ റിസെപ്ഷനിലേക്ക് ചെന്നു.
കാര്യം അയാളുടെ സ്വഭാവം അത്ര നല്ലതല്ലെങ്കിലും കൂടെയുള്ളത് അശ്വതിക്ക് വലിയ സഹായവും ആശ്വാസവും തന്നെയാണ്. ഇല്ലെങ്കിൽ അയാള് പറഞ്ഞത് പോലെ ഈയൊരു അവസ്ഥയിൽ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.
കാശ് തന്നെയാണ് പ്രധാനം. സർജറി എന്നൊക്കെ പറയുമ്പോ എത്ര കാശാവും. വീണ്ടും വീണ്ടും ബുദ്ധിമുട്ടുകൾ തരുന്ന പ്രസാദിനോട് ദേഷ്യം വരുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയിൽ എന്തു പറയാനാണ്. വരുത്തി വച്ചതല്ലേ അനുഭവിക്കട്ടെ എന്നായിരുന്നു അശ്വതിയുടെ മനസ്സിലിപ്പോ.
ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആലോചിച്ച് മനസ്സിൽ വീണ്ടും ആകുലതകൾ നിറയുമ്പോൾ മാധവൻ തിരിച്ചു വരുന്നത് കണ്ടു. അവളെഴുന്നേറ്റു. ശ്വാസമയച്ച നെടുവീർപ്പിട്ട് മുഖം തുടച്ചു.
“നീ ഇപ്പോഴും കരയുവാണോ..?
നേഴ്സ് പറഞ്ഞത് കേട്ടില്ലേ.. വേറെ കുഴപ്പമൊന്നുമില്ല. എല്ലിന് പൊട്ടലുണ്ട്. അത് ഓപ്പറേഷൻ കഴിഞ്ഞാലല്ലേ റെഡിയാകു. എല്ലാം നമുക്ക് ശെരിയാക്കാം..”
മനസ്സിലൊരു ആശ്വാസം തോന്നിയെങ്കിലും അവളൊന്നും മിണ്ടിയില്ല.
“വാ..”
മാധവൻ അവളുടെ ഒക്കത്തു നിന്ന് കൊച്ചിനെ വാങ്ങി. ഇത്തവണ ശ്രദ്ധയോടെ.