“നന്നായി അടിച്ചിട്ടുണ്ടല്ലേ..?”
ലോറെൻസ് ജാള്യതയോടെ നോട്ടം മാറ്റി. മാധവൻ ബാക്കിയുള്ളവരുടെ മുഖത്ത് നോക്കിയപ്പോൾ അവരും മുഖം താഴ്ത്തി.
ക്യാഷ്വാലിറ്റി ഡോർ തുറന്ന് നേഴ്സ് വന്ന് പ്രസാദിന്റെ പേര് വിളിച്ചു പറഞ്ഞു. അശ്വതി എഴുന്നേറ്റ സമയം മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു.
“ഈ സാധനങ്ങൾ വാങ്ങാനുണ്ട്..”
മാധവൻ ചീട്ട് വാങ്ങി നോക്കി. മരുന്നും വേറെയൊന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട്. പേഴ്സിൽ നിന്ന് പൈസ എടുത്ത് ചീട്ടിനൊപ്പം അയാൾ ലോറെൻസിനു നേരെ നീട്ടി.
“നോക്കി നിക്കാതെ പോയി വാങ്ങീട്ട് വാടാ..”
ലോറെൻസ് അതനുസരിച്ചു. മാധവൻ പതിയെ തിരിഞ്ഞു നോക്കുമ്പോൾ നിറ മിഴികളോടെ എഴുന്നേറ്റ് നിന്ന അശ്വതിയെയാണ് കാണുന്നത്. ആ ഒരു അവസ്ഥയിൽ അയാൾക്കവളോട് വല്ലാത്ത സഹതാപം തോന്നി അടുത്തേക്ക് ചെന്നു.
പെണ്ണിന്റെ കവിളുകളിലേക്ക് നിറവെള്ളം ഊറിയിറങ്ങിയിരുന്നു.
“കണ്ണ് തുടക്ക് അശ്വതി..”
വാചാലമായി നിക്കുകയാണ് അവൾ.
“ഇരിക്ക്..”
അയാളും അവിടെ ഇരുന്നു.
“നീ പേടിക്കേണ്ട.. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം..”
ഇതിലും വലിയ ആശ്വാസ വാക്ക് വേറെയവൾക്ക് കേൾക്കാനില്ല. നേരെ ഒന്ന് മുഖമുയർത്താൻ പോലും അവൾക്കായില്ല.
“നീ എന്തെങ്കിലും കഴിച്ചോ..?”
ചോദ്യങ്ങൾക്കെല്ലാം ഉത്തരം മൗനമാവുന്ന വേളയിൽ അവൾക്ക് ഒന്നും മിണ്ടാനാവില്ലെന്ന് മാധവനറിയാം. അയാൾ ചിന്നുമോളെ പിടിച്ച് അടുത്തേക്കാക്കി.
“നിങ്ങളെന്തെങ്കിലും കഴിച്ചോ മോളെ..?”
“ഇല്ല..”
പാവം കൊച്ച്..
ചെയറിലിരുന്ന് എന്തെന്നില്ലാതെ നോക്കി കാണുന്ന ഇളയ കൊച്ചിനെയും അയാളൊന്ന് നോക്കി.