പിറ്റേ ദിവസം ആൽബി എഴുന്നേറ്റു വരുമ്പോഴേക്കും സ്റ്റെല്ലാ പോയിട്ടുണ്ടായിരുന്നു, റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പതിവു പോലെ കാസറോൾ തുറന്നു നോക്കി എങ്കിലും അതിൽ ഒന്നും തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നില്ല,
വശത്ത് ആയിരിക്കുന്ന ഫ്ലാസ്ക് തുറന്നു നോക്കിയപ്പോൾ അതിൽ ചായയും ഉണ്ടായിരുന്നില്ല,
‘ ഇവൾക്ക് ഇതെന്തുപറ്റി…? ‘
മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പർ ഡയൽ ചെയ്തു,
ഏകദേശം നാല് റിങ്ങ് അടിച്ചതും അപ്പുറത്ത് കോൺ കണക്ട് ആയിട്ടുണ്ടായിരുന്നു,
” ഹലോ ആൽബി..?? ”
” പെണ്ണേ ഇത് എന്നാ പറ്റി ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലല്ലോ.. ”
“സോറി ആൽബി, ഞാൻ പറയാൻ വിട്ടു പോയി, രാവിലെ കുറച്ച് അധികം ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്, ഇന്നൊരു ദിവസം പുറത്തു നിന്ന് കഴിക്കാവോ…?? ”
” എടീ അത് കുഴപ്പമില്ല ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു, നീ കഴിച്ചില്ലേ..??”
അവൻ ബ്രഷ് വായിലേക്ക് വെച്ച് പതിയെ വാഷ് റൂമിലേക്ക് നടന്നു,
” ആം ഞാൻ ഇവിടെ നിന്ന് കഴിച്ചതാ..”
” ആം , എന്നാ ശരി ഞാൻ ചുമ്മാ വിളിച്ചെന്നേയുള്ളു ”
അതും പറഞ്ഞ് ആൽബി കോൾ കട്ട് ചെയ്തതും സ്റ്റെല്ലാ തന്റെ ഇരിപ്പിടത്തിൽ ഒന്ന് അമർന്നിരുന്നു,
കഫറ്റീരിയയിലെ ഒരു ഒഴിഞ്ഞ മൂലയിൽ ടേബിളിലായിരിക്കുന്ന രണ്ടു കോഫി കപ്പുകളിൽ ഒരെണ്ണം അവൾ കയ്യിലേക്ക് എടുത്തു,
രണ്ടാമത്തെ കോഫി കപ്പ് തന്റെ ഓപ്പോസിറ്റ് ആയിരിക്കുന്ന വ്യക്തിയുടെ മുന്നിലേക്ക് തള്ളി വച്ച ശേഷം സ്റ്റെല്ല തന്റെ കോഫീ കപ്പിൽ നിന്നും മൊത്തി കുടിച്ചു കൊണ്ടിരുന്നു,