” ഭഗത്ത്, അവൻ പറഞ്ഞിട്ടാ ഞാൻ ഇത് ചെയ്തത്..”
പയ്യന്റെ വായിൽ നിന്നും ആ പേര് വീണതും സ്റ്റെല്ലയുടെ സകല നാഡീ ഞരമ്പുകളും ഒരു നിമിഷം തരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു..!!
“ഭഗത്ത്..????? അവൻ എന്തിന് ”
കേട്ടത് വിശ്വസിക്കാൻ ആവാതെ, മനസ്സു മരവിച്ചു ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സ്റ്റെല്ല,
“സ്റ്റെല്ല ഭഗത്ത് ആരാണ്..?? ”
സ്റ്റെല്ലയുടെ ഭാവം കണ്ട് ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു ആൽബി,
” ആൽബി രണ്ട് മിനിറ്റ് , ഞാൻ പറയാം..!! ജിതിൻ നീ സത്യമാണോ പറയുന്നത്..?? ഭഗത്ത് അവൻ എന്തിനാ ഇത് ചെയ്യുന്നത്..?? ”
” എനിക്കറിയില്ല ചേച്ചി, അവൻ പറഞ്ഞതുപോലെ ആയിരുന്നു ഞാൻ എല്ലാം മുന്നോട്ട് ചെയ്തത്, ചേച്ചിക്ക് ഇത് തരണം ബാക്കി അവൻ നോക്കിക്കോളാം എന്ന് പറഞ്ഞു , അതിനു എനിക്ക് ഒരു പേയ്മെന്റും തന്നു ”
” അവൻ മാത്രമായിരുന്നൊ..?? വേറെ ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ..? ”
സ്റ്റെല്ല തന്റെ സംശയം മറച്ചുവച്ചില്ല.
” കൂടെ.. ഹാ ഒരു കോട്ടിട്ട ആൾ ഉണ്ടായിരുന്നു എന്നോട് എന്തോ പേര് പറഞ്ഞിരുന്നു പക്ഷേ ഞാൻ മറന്നു പോയി, ആള് പെട്ടെന്ന് വന്നിട്ട് പോയി ”
പയ്യന്റെ മുഖ ഭാവത്തിൽ നിന്നും അവന്റെ റോൾ കഴിഞ്ഞു എന്ന് സ്റ്റെല്ലക്ക് മനസിലായി,
” ശരി നിനക്ക് പോകാം ഇതിൽ കൂടുതൽ ഒന്നും എനിക്ക് ചോദിക്കാൻ ഇല്ല ”
സ്റ്റെല്ല അവന്റെ മുന്നിലേക്ക് നിസ്സംഗ ഭാവത്തോടെ കൈ കെട്ടി നിന്നു,
” ചേച്ചി, സോറി റിയലി സോറി ”
അതും പറഞ്ഞു പയ്യൻ അവന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു വേഗം ഓടിച്ചു പോയി,