അപ്പാർട്ട്മെന്റിൽ തിരികെ വന്ന് കേറുമ്പോൾ ആൽബിയും കുഞ്ഞും അവിടെ ഉണ്ടായിരുന്നില്ല,
ഫോൺ എടുത്തു നോക്കിയതും അവർ ലഞ്ച് കഴിക്കാനായി പുറത്തേക്കിറങ്ങിയതാണെന്ന് മെസ്സേജ് വന്നു കിടക്കുന്നു,
ഒരുതരത്തിൽ അത് അവൾക്കൊരു ഭാഗ്യമായിട്ടാണ് തോന്നിയത്, ഡ്രസ്സ് എല്ലാം മാറിയിട്ട് കുറച്ചു സമയം ബെഡ്ഢിലേക്ക് കിടന്നതും വല്ലാത്ത ആശ്വാസം..!!
കുറച്ചു നേരം എല്ലാത്തിൽ നിന്നും വിട്ടു മാറി തനിയെ ഇരിക്കാൻ കിട്ടിയ സമയം, ബെഡ്ഢിൽ ഒരുവശം ചരിഞ്ഞു കിടക്കുമ്പോൾ കണ്ണുകൾ ഒലിച്ചിറങ്ങി തുടങ്ങി,
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ആൽബിൻ വരുന്നത്
” എന്തു പറ്റി ഹാഫ് ഡെ എടുത്തത്..?? ”
ഒരു ചോദ്യത്തോടെ അവൻ ബെഡ്റൂമിലേക്ക് കയറി വന്നതും സ്റ്റെല്ല പെട്ടെന്ന് അവൻ കാണാതെ രണ്ടു കണ്ണുകളും തുടച്ചു, മുഖത്ത് ഒരു ചിരി വരുത്തിയിരുന്നു,
” ഒന്നുമില്ല ആൽബി അവിടെ ചെന്നപ്പോൾ ഒരു സുഖമില്ലാത്തത് പോലെ തോന്നി, അതു കൊണ്ട് ഇങ്ങു പോന്നു, പിന്നെ കഴിച്ചോ രണ്ടു പേരും..?? ”
” ആ ഞങ്ങളിന്ന് ലഞ്ച് പുറത്തു നിന്നാക്കി , മെസ്സേജ് കിട്ടിയപ്പോൾ തന്നെ നിനക്കുള്ളത് കൂടി പാർസൽ വാങ്ങിയിട്ടുണ്ട്..” അപ്പോഴേക്കും അന്ന മോൾ ആൽബിയുടെ മേലെ നിന്നും ഇറങ്ങി സ്റ്റെല്ലയുടെ മേലേക്ക് കയറിയിട്ടുണ്ടായിരുന്നു,
അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു കൊണ്ടിരുന്നു, ആൽബിയിൽ നിന്നും മുഖം മറയ്ക്കാനുള്ള സ്റ്റെല്ലയുടെ തന്ത്രം കൂടിയായിരുന്നു അത്,
” ഫ്രഷ് ആയിട്ട് വന്ന് ഇത് കഴിക്ക് പെണ്ണേ..”
അതും പറഞ്ഞ് ആൽബി ഹാളിലേക്ക് പോയതും സ്റ്റെല്ല കൈ എത്തിച്ചു ഫോൺ എടുത്തു നോക്കി,
ഏകദേശം 7 മിസ്ഡ് കോൾ ശിവയുടെ ഫോണിൽ നിന്നും വന്നു കിടക്കുന്നു, കോൾ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ വേറെയും,
അവൾ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ ബ്ലോക്ക് ബട്ടണിലേക്ക് അവളുടെ വിരലുകൾ അമർന്നു…..!!!