” സ്റ്റെല്ലാ , ഞാൻ ബാംഗ്ലൂർക്ക് വരാം..!!! ”
ശിവയുടെ മറുപടി കിട്ടിയതും സ്റ്റെല്ലയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
സമയം വീണ്ടും മുന്നോട്ടു ഓടി ക്കൊണ്ടേയിരുന്നു, ഇതിനിടയിൽ എപ്പോഴോ ആൽബിന്റെ എക്സാം റിസൾട്ട് വരുന്ന ഡേറ്റ് ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ടായിരുന്നു,
ആൽബി അതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചതിനാൽ തൽക്കാലം സ്റ്റെല്ല അവന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപെട്ടിരുന്നു,
ശിവ വരാം എന്ന് ഏറ്റിരിക്കുന്നത് അടുത്ത ആഴ്ചയാണ്, ആൽബി ഇടക്കെല്ലാം ഓഫീസിലെ കാര്യങ്ങളും , ഭഗത്തിനെ കണ്ട് സംസാരിച്ചതിനെ പറ്റി എല്ലാം ചോദിക്കുമെങ്കിലും സ്റ്റെല്ല എന്തെങ്കിലും ഉത്തരം നൽകി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുമായിരുന്നു,
ശിവയെ കണ്ട് സംസാരിക്കുന്നത് വരെ ആൽബിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അവൾക്കും കഴിയുമായിരുന്നില്ല.
ആൽബിയുടെ വരാൻ പോകുന്ന ക്ലൈന്റ ഇന്റർവ്യൂയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ച് അവൾ പലപ്പോഴും വിഷയം തിരിച്ചു വിട്ടതിനാൽ, ആൽബിയും അതിലേക്ക് തന്നെ കൂടുതൽ ശ്രദ്ധ കൊടുത്തു,
ഇതിനിടയിൽ ആഴ്ചയിലെ ഓരോ ദിവസവും സ്റ്റെല്ല ഓഫീസിൽ പലയിടത്തായി ചില മുഖങ്ങൾ തിരഞ്ഞുവെങ്കിലും അവൾ തിരഞ്ഞ മുഖം മാത്രം എവിടെയും ഉണ്ടായിരുന്നില്ല….!!
പതിവു പോലെ അന്നൊരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം കഫ്റ്റീരിയൽ കുറച്ചു സമയം ഫോണിൽ നോക്കിയിരിക്കുകയായിരുന്നു സ്റ്റെല്ല, അവളുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യാൻ തുടങ്ങിയതും കണ്ട് കൊണ്ടിരുന്ന റീൽസ് അവൾ നിർത്തി വച്ചു,
ശിവ ആണ് വിളിക്കുന്നത്, അക്ഷമയോടെ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ ചേർത്തതും അവന്റെ ശബ്ദം,
” ഹലോ പെണ്ണേ..”