പാവം ഞാൻ കാരണം ഒരുപാട് വിഷമിച്ചു. ഇപ്പോഴും എനിക്ക് ദേഷ്യം ആണെന്ന കരുതിയിരിക്കുന്നെ. ഇനി ഞാൻ കാരണം നീ വിഷമിക്കരുത്. ആ കവിൾ തടങ്ങളിൽ തലോടി അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പതിയെ ഞാൻ ഉറക്കത്തിലേക്ക് കടന്നു.
“… മോളെ നാളെ രാവിലെ ഞങ്ങൾ നേരത്തെ ഇറങ്ങും കേട്ടോ…” ശനിയാഴ്ച രാത്രി അത്താഴം കഴിക്കുന്നതിന്റെ ഇടക്ക് അമ്മ സൂചിപ്പിച്ചു.
“…ഇവിടത്തെ കാര്യങ്ങൾ എല്ലാം മോൾ നോക്കിക്കോളും അല്ലോ…”
“… ഞാൻ നോക്കിക്കോളാം അമ്മേ…”ചാരു ചെറു പുഞ്ചിരിയോടെ ഉറപ്പ് നൽകി.
“… നിങ്ങളെ ഇവിടെ ഒറ്റക്ക് ആക്കിപ്പോവുന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. എല്ലാം ഈ കഴുത കാരണ…”
“… ഇതെന്തിനാ വെറുതെ ഇരിക്കുന്ന എന്റെ നെഞ്ചത്തേക്ക് കേറുന്നേ…” അമ്മ പറഞ്ഞത് ഇഷ്ടപ്പെടാതെ ഞാൻ എതിർത്തു.
“… ആഹ് നീ ചുമ്മാതിരിക്കടി അവന് ജോലി ഉള്ളത് കൊണ്ട് അല്ലെ. പിന്നെ രണ്ടും കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ. അവരുടെ കാര്യം അവർ നോക്കിക്കോളും. അല്ലെ മോളെ…” ചാരുവിന്റെ പുഞ്ചിരി ആയിരുന്നു അതിന് മറുപടി.
“… പിന്നെ രണ്ടും അടിപിടി ഒന്നും കൂടരുത് കേട്ടല്ലോ…” അമ്മ താകീത് നൽകി.
“…അതിന് അമ്മ ഇതുവരെ ഞങ്ങൾ അടികൂടുന്നത് കണ്ടിട്ടുണ്ടോ…”
“… അടികൂടുന്നത് ഒന്നും കണ്ടിട്ടില്ല പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടന്ന് അറിയാം…”