“അമ്മേ “. സുധി വീണ്ടും വിളിച്ചു പോയി
“എന്ത് പറ്റി. അപ്പു ഏട്ടാ?” ശ്യാമ ചോദിച്ചു.
” വേദന സഹിക്കാൻ പറ്റുന്നില്ല. ഭയങ്കര വേദന. ” സുധി പറഞ്ഞു.
“നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ഞാൻ ഒരു വണ്ടി പിടിച്ചു വരാം.” ശ്യാമ പറഞ്ഞു.
“അതൊന്നും വേണ്ട. കുറച്ചു സമയം ശരിക്കും ഒന്ന് കിടന്നാൽ മതി. വേദന കുറഞ്ഞോളും.”
ശ്യാമ സുധിയുടെ കാല് നേരെ വെച്ചപ്പോഴും സുധിക്ക് വേദനിച്ചു. അമ്മേ എന്ന് വിളിച്ചു പോയി. അത് കേട്ട് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ കവിളിലൂടെ ഒഴുകി.
ശ്യാമ പറഞ്ഞു
” അപ്പു ഏട്ടാ ഞാൻ ഒരു വണ്ടി വിളിച്ചു വരാം. ഇത് ഹോസ്പിറ്റലിൽ പോയാലേ ശരിയാകൂ. ”
അതും പറഞ്ഞു ശ്യാമ താഴേക്ക് ഓടി. സുധി പിന്നിൽ നിന്ന് വിളിച്ചിട്ടും ശ്യാമ നിന്നില്ല.
ശ്യാമ താഴെ എത്തിയ ഉടനെ ഓടുകയായിരുന്നു . അവളുടെ വീടിന്റെ അടുത്തൊന്നും ഒരു വണ്ടിയും ഉണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ നിന്ന് പത്തു മിനുട്ടിൽ കൂടുതൽ ഉണ്ട് മെയിൻ റോഡിലേക്ക് അവൾ അതുവരെ ഓടി. അതിലൂടെ പോകുന്ന എല്ലാ വണ്ടികൾക്കും കൈ കാണിച്ചു. എന്നാൽ ഒരു വണ്ടിയും അവിടെ നിർത്തിയില്ല.
ഒടുവിൽ ഒരു ഓട്ടോറിക്ഷ വന്നു ശ്യാമയുടെ മുന്നിൽ നിർത്തി.
“ആ ചേച്ചിയോ…? ചേച്ചിയെന്താ രാവിലെ തന്നെ റോഡിൽ നിന്ന് ഡാൻസ് കളിക്കുന്നത്.?
ആ ഓട്ടോ ഡ്രൈവർ ശ്യാമയോട് ചോദിച്ചു. ശ്യാമ ആ ഡ്രൈവറെ നോക്കി.
“ചേച്ചിക്ക് എന്നെ ഓർമ്മയില്ലേ..? ഞാനല്ലേ അന്ന് സാറിനേയും ചേച്ചിയേയും ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് പോയി വിട്ടത്. “