“””ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്.. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല””
ആവണി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകളുമായി അവളെ മിയ വാരി പുണർന്നു.. എന്ത് ചെയ്യണമെന്നറിയാതെ ജെയ്സൺ കടലിലേക്ക് നോക്കി നിന്നു. ആ കടൽ കാറ്റ് ആ നിമിഷങ്ങളെ ശാന്തമായി തലോടി.
നമ്മൾ ചിന്തിക്കുന്നതിനപ്പുറം ഓരോന്നിനും ഓരോ യാഥാർഥ്യങ്ങൾ ഉണ്ട്. എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ അപ്പോഴും അവളോട് തുറന്നു സംസാരിക്കാനും ഇടപെടാനും ഒരു മടി. ചിലപ്പോൾ ആദ്യം മുതലേ അങ്ങനെ ആയതു കൊണ്ടായിരിക്കാം. എന്തായാലും അങ്ങനെ തന്നെ പോകട്ടെയെന്നു ഞാൻ കരുതി. മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ണുകൾ നിറഞ്ഞെങ്കിലും ആവണി അപ്പോഴും പുഞ്ചിരിച്ചു.. ഞങ്ങൾ റൂമിലേക്ക് പോയി.
ആ ടൂർ ദിനങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു. ആരെയും ഭയപ്പെടാതെ.!!!!
ആ ടൂർ പെട്ടെന്ന് തീർന്നതു പോലെ തോന്നി.. എല്ലാവരും അവനവന്റെ കാര്യങ്ങളിലേക്ക് നീങ്ങി. എപ്പോഴും പുറത്തിറങ്ങുമ്പോൾ ആവണി ചുറ്റും നിരീക്ഷിക്കുന്നത് കാണാം. ചിലപ്പോൾ താൻ അറിയാവുന്ന മുഖങ്ങൾ അവിടെ ഉണ്ടോന്നു നോക്കുകയാവും.
ഒരു ദിവസം ആവണി എന്തോ ഡൌട്ട് എന്നോട് ചോദിച്ചു. ഞാനതു അവളെ മൈൻഡ് ചെയ്യാതെ പറഞ്ഞു കൊടുത്തു. അവൾ സാധാരണ പോലെ താങ്ക്സ് പറഞ്ഞു. എനിക്കൊരു പേടിയായിരുന്നു അവളോട് സംസാരിക്കാൻ. ചിലപ്പോൾ എന്റെ വാക്കുകൾ അവളെ സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അവൾക്കു തോന്നിയാലോ.. കാരണം അവൾ അനാഥയാണ്. ഈ അവസരങ്ങളിൽ അവളെ മുതലെടുക്കാൻ ശ്രമിക്കുന്നവരാണ് സമൂഹത്തിൽ ഇപ്പോൾ ഉള്ളത്. അത് എന്നെ അവളുമായിട്ടുള്ള കൂടുതൽ ഇടപെടലുകളിൽ നിന്നും തടുത്തു.