അമ്മ: മോളെ.. ദേ ഇവന് എന്തേലും കഴിക്കാൻ കൊടുത്തേക്ക്.
ആരാ എന്ന് അറിയാൻ ഞാൻ വഴിയിലേക്ക് നോക്കി. അതാ ചുണ്ടെലി.. പറമ്പിൽ മാരത്തിന്റെ പിന്നിൽ ഒളിച്ചു നിൽക്കുകയായിരുന്നു അയാളോട് അമ്മ കൈകൊണ്ട് ആംഗ്യം കാണിച്ചു ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറഞ്ഞു. ഇയാള് ഇടയ്ക്ക് വീട്ടിൽ വരും എന്നുള്ള കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്. അമ്മയ്ക്ക് ഓർമ്മക്കുറവിന്റെ പ്രശ്നം ഉള്ളതുകൊണ്ട് ഇടയ്ക്ക് നടക്കുന്ന സംഭവങ്ങൾ ഒന്നും പറയാൻ വിട്ടു പോകുന്നത് ആവും. പതുങ്ങി കുനിഞ്ഞ് അയാൾ മുറ്റത്തേക്കുള്ള സ്റ്റെപ്പ് കയറി വന്നു. എന്നിട്ട് എന്റെ അടുത്ത് നിന്ന് അത്യാവശ്യം മാറി കുറച്ച് പേടിയോടുകൂടി നിന്നു. ഞാൻ ധൈര്യം കൈവിടാതെ പിന്നിലേക്ക് വാ എന്ന് ആംഗ്യം കാണിച്ചു. ഞാൻ തിരിയാനായി അയാൾ കാത്തു നിന്നു, തിരിഞ്ഞ് അകത്തേക്ക് കയറിയപ്പോൾ അയാൾ പതിയെ പതുങ്ങി തന്നെ വീടിന്റെ പിൻവശത്തേക്ക് നടന്നു. ഇയാൾക്കൊക്കെ വീട്ടിൽ കയറ്റി ഭക്ഷണം കൊടുക്കേണ്ട വല്ല കാര്യവും ഈ അമ്മയ്ക്ക് ഉണ്ടോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു. മനുവിന്റെ മുറിയുടെ വാതിൽ അപ്പോഴും അടഞ്ഞു കിടക്കുകയായിരുന്നു, പാവം ചെറുക്കൻ ഇന്നലെ എടുത്തു പിടിച്ച വരെ അടിച്ചു സുഖപിച്ചതല്ലേ വിശ്രമിച്ചോട്ടെ എന്ന് ഞാനും കരുതി. അന്ന് രാവിലെ അമ്മ പുട്ടായിരുന്നു ഉണ്ടാക്കിയിരുന്നത്, പുട്ടും കുറച്ച് കടലക്കറിയും ഞാനൊരു പാത്രത്തിൽ എടുത്ത് അടുക്കളവാതിൽ തുറന്ന് ഞാൻ വർക്ക് ഏരിയയിലേക്ക് ഇറങ്ങി. അയാൾ അപ്പോഴും പിൻവശത്തെ മുറ്റത്തിന്റെ അറ്റത്ത് പോയി നിൽക്കുകയായിരുന്നു. ഭക്ഷണം വർക്ക് ഏരിയയിൽ ഉണ്ടായിരുന്ന മേശയുടെ പുറത്ത് ഞാൻ വച്ചു എന്നിട്ട് അയാളെ കൈ ചൂണ്ടി കാണിച്ചു. എന്നെ നോക്കി സാവധാനം പേടിച്ചുകൊണ്ട് തന്നെ അയാൾ അടുത്തേക്ക് നടന്നു വന്നു. മേശപ്പുറത്തുനിന്നും ഭക്ഷണം എടുത്തു, എന്നിട്ട് വർക്ക് ഏരിയയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന പടിയിൽ ഇരുന്നു. ഇന്നലെ നടന്നതൊന്നും ഇയാൾക്ക് ഓർമ്മ ഇല്ലാത്തതാണോ അതോ എന്റെ ഒരു അടി കിട്ടിയതിന്റെ പേടിയാണോ എന്ന് എനിക്ക് വ്യക്തമായില്ല. എന്തായാലും അവിടെ ഇരുന്ന് കഴിച്ചോട്ടെ എന്ന് കരുതി ഞാൻ അടുക്കളയുടെ ഉള്ളിൽ കയറി വാതിൽ അടച്ചു. എന്നിട്ട് മനുവിന് കുടിക്കാനായി കാപ്പി ഉണ്ടാക്കി.