ആഹ്…. ഉഫ്…ആ പട്ടയുടെയും ഗ്രാമ്പുന്റെയും ഏലത്തിന്റെയും ഫ്ലെവറോടുള്ള ആവി ഞാൻ മൂക്കിലോട്ട് വലിച്ചു കേറ്റി…
“”ബിരിയാണി റെഡി ആയോ മിസ്റ്റർ കുട്ടൻ ഷെഫ്.. “”
അടുക്കള കട്ടില പടിയിൽ നിന്നോണ്ട് അമ്മ ആണ്..അതിന്റെ പിറകിൽ അച്ഛനുണ്ട്.. അച്ഛന്റെ പിറകിൽ അമ്മുവുമുണ്ട്.. ഇതെന്തോന്ന് സ്കൂളിലെ കഞ്ഞി പൊരയോ വരി വരി ആയി നിക്കാൻ.. ഞാൻ ഒരു ആത്മഗദം പറഞ്ഞു… പണ്ടാരം ഇച്ചിരി ഒച്ച കൂടി പോയി…
“”അല്ലടാ…. ഇത് എന്റെ കഞ്ഞി പൊരയാ മാറട അങ്ങട്ട് “”
അമ്മ ഇതും പറഞ്ഞു എന്നെ തള്ളി മാറ്റിക്കൊണ്ട് ആവി പറക്കണ ബിരിയാണിടെ അടുത്തോട്ടു ഓടി….
“”ഹേയ്.. ഹേയ്.. തള്ളേ.. എങ്ങോട്ടാ..””
ഞാൻ അമ്മേടെ മുന്നിൽ വട്ടം കേറി നിന്നോണ്ട് ചോയിച്ചു…
“”അത് ഞാൻ ബിരിയാണി.. അത് റെഡി ആയല്ലോ… എടുക്കാൻ വേണ്ടി.. “”
അമ്മ വളരെ നിഷ്കളങ്കതയോടെ എന്നോട് പറഞ്ഞു….
“”അതൊക്കെ ഞാൻ എടുത്ത് തരാം ഇപ്പോ എല്ലാ എണ്ണവും പോയി ഡൈനിങ് ടേബിളിൽ ആസനസ്ഥരായാലും…””
ഞാൻ മൂന്നിനേം തള്ളി അടുക്കളെന്നു പുറത്താക്കി.എന്നിട്ട് കുക്കറിലെ ബിരിയാണി മൊത്തം വലിയ കാസറോളിലോട്ട് മാറ്റി അത് ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ചു..കൂടെ ഉണ്ടാക്കി വെച്ച ചള്ളാസും അച്ചാർ കുപ്പിയും നാല് പ്ലേറ്റും എടുത്ത് ഡൈനിങ് റൂമിലോട്ട് പോയി…അപ്പോ കൊതിച്ചി അമ്മ കാസറോളിന്റെ അടപ്പ് തുറന്ന് പിന്നേം മണത്തു നോക്കണുണ്ട്…
“”എന്റമ്മേ… ഇങ്ങനെ മണത്തു മണത്തു നിക്കാതെ…ഞാൻ ദേ ഇപ്പൊ വിളമ്പി തരാ.. മുഴുവൻ കഴിച്ചോണം കേട്ടല്ല്…””
ഞാൻ എല്ലാരുടേം പ്ലേറ്റിൽ ഈരണ്ട് കഷ്ണം വെച്ചും എന്റെതിൽ ഒരു കഷ്ണം വെച്ചും ഇട്ടു…